60 കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനവുമായി പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി; 1000 മുതല്‍ 10,000 രൂപവരെ പെന്‍ഷനായി നേടാം

Friday 14 February 2020 12:51 pm IST

ന്യൂദല്‍ഹി : അറുപത് വയസ് കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വയ വന്ദന യോജന എന്ന് പേര്‍ നല്‍കിയിട്ടുള്ള പദ്ധതിയില്‍ മാര്‍ച്ച് 31നുള്ളില്‍ ആളുകള്‍ക്ക് അംഗമാകാം. 

എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന. നിശ്ചിത തുക അടച്ചാല്‍ ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. ഒന്നര ലക്ഷം രൂപ മുതല്‍ പരമാവധി 15 ലക്ഷം വരെ അടച്ച് പദ്ധതിയില്‍ ചേരാം. ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപയും മൂന്ന് മാസം കൂടുമ്പോള്‍ 3,000 രൂപയും അര്‍ദ്ധവാര്‍ഷികത്തില്‍ 6,000 രൂപയും പ്രതിവര്‍ഷം 12,000 രൂപയുമാണ് പെന്‍ഷനായി ലഭിക്കുക. 

പരമാവധി പെന്‍ഷന്‍ തുക പ്രതിമാസം 10,000 രൂപയും, മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപയും, അര്‍ദ്ധവാര്‍ഷികത്തില്‍ 60,000 രൂപയും, പ്രതിവര്‍ഷം 1,20,000 രൂപയുമാണ് ലഭിക്കുക.പദ്ധതിയില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നേടാം. 

പ്രീമിയം അടച്ച് മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യവും എല്‍ഐസ് വാഗ്ദാനം ചെയ്യുന്നുണ്ട്.  അനുവദനീയമായ പരമാവധി വായ്പ നിക്ഷേപ തുകയുടെ 75 ശതമാനമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ നല്‍കുന്നത്. കൂടാതെ കാലാവധിക്ക് മുമ്പും ഈ തുക പിന്‍വലിക്കാന്‍ അവസരം നല്‍കുന്നുണ്ട്. അതിന് പ്രത്യേകം നിബന്ധനയും മുന്നോട്ട് വെച്ചിട്ടുണ്ട്. ഗുരുതര രോഗത്തെ തുടര്‍ന്ന് ഭാര്യക്കോ ഭര്‍ത്താവിനോ ഉള്ള ചികിത്സയ്ക്കു മാത്രമാണ് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുക. 

അതേസമയം നിക്ഷേപകനു മരണം സംഭവിച്ചാല്‍ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നയാള്‍ക്കായിരിക്കും.

പദ്ധതിയില്‍നിന്നുള്ള വരുമാനം ആദായ നികുതി നിയമത്തിനു വിധേയമാണ്. എന്നാല്‍ പദ്ധതിയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഓണ്‍ലൈനായോ ഓഫ്ലൈനായോ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. പത്ത് വര്‍ഷമാണ് പ്രധാന്‍ മന്ത്രി വയാ വന്ദന യോജനയുടെ പോളിസി കാലാവധി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.