എഎസ്‌ഐയുടെ കൊലപാതകം: പ്രതികള്‍ക്ക് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉലമയുമായി ബന്ധം; തോക്കെത്തിച്ചത് ഇജാസ് പാഷ; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Monday 13 January 2020 6:37 pm IST

ബെംഗളൂരു: കളിയിക്കാവിളയില്‍ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ച് കൊന്നത് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉലമയിലെ പ്രവര്‍ത്തകരെന്ന് സംശയം. ബെംഗളൂരുവില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് എന്ന് വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് പിടിയിലായ അല്‍ ഉലമ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഇജാസ് പാഷ, അനീസ്, സഹീദ്, ഇമ്രാന്‍ ഖാന്‍, സലിം ഖാന്‍ എന്നിവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.

കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും തമിഴ്‌നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും, കൊല്ലം കളകട്രേറ്റ് സ്‌ഫോടനത്തിലും അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. ബെംഗളൂരുവിന് പുറമേ ദല്‍ഹി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അതേസമയം എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാമനഗര, ശിവമൊഗ, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇവരെ ഇന്ന് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇജാസ് പാഷയ്ക്ക് എഎസ്‌ഐയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥരീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ തൗഫീക്കിന് മുംബൈയില്‍ നിന്ന് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസാണ്. ബെംഗളൂരുവില്‍ വച്ചാണ് തോക്ക് കൈമാറിയത്. ബെംഗളൂരുവിലെ കലശപാലയത്ത് ടാക്‌സി ഡ്രൈവറായിരുന്നു ഇജാസ്. അല്‍ ഉലമ സംഘടനയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിലെ പ്രവര്‍ത്തകനാണ് ഇജാസ്. പ്രധാന നേതാവ് മഹബൂബ് പാഷ, മൊയ്തീന്‍ ഖാജ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് വേണ്ടി ബെംഗളൂരു ക്രൈംബ്രാഞ്ച് തിരച്ചില്‍ ശക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.