ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് മാറ്റിയത് ചോദ്യം ചെയ്തു; ക്ഷേത്ര സെക്രട്ടറിക്കും വിശ്വാസികള്‍ക്കും നടുറോഡില്‍ എസ്ഐയുടെ ക്രൂര മര്‍ദനം

Thursday 20 June 2019 3:15 pm IST

ശ്രീകാര്യം: ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് നഗരസഭ ജീവനക്കാര്‍ മാറ്റിയത് ചോദ്യം ചെയ്ത ക്ഷേത്രസെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എസ്ഐ ക്രൂരമായ മര്‍ദിച്ചു. ശ്രീകൃഷ്ണനഗര്‍ പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കല്‍ ജയനെയും ക്ഷേത്ര ഭാരവാഹികളെയുമാണ് ശ്രീകാര്യം എസ്ഐ സജികുമാര്‍ റോഡിലിട്ട് അകാരണമായി മര്‍ദിച്ചത്. ഇതു സംബന്ധിച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടു കൂടിയായിരുന്നു സംഭവം. ചാവടിമുക്ക് ജംഗ്ഷനിലെ ഐലന്റില്‍ സ്ഥാപിച്ചിരുന്ന പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദിശാ ബോര്‍ഡ് നഗരസഭ ജീവനക്കാര്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നഗരസഭാ ജീവനക്കാരുമായി സംസാരിച്ച് നില്‍ക്കെ അവിടെ എത്തിയ  എസ്ഐ ഒരുപ്രകോപനവും കൂടാതെ സ്ഥലത്ത് കൂടിനിന്ന ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയും പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു.

 ജനമൈത്രി സ്റ്റേഷനിലെ എസ്ഐ ആണോ ഇത്തരം അസഭ്യങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് ഇത് വീഡിയോ എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രകോപിതനായ എസ്ഐ സ്ഥലത്ത് കൂടി നിന്നവരെ തള്ളിമാറ്റി ക്ഷേത്ര സെക്രട്ടറിയെ  മര്‍ദിക്കുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകുകയുമായിരുന്നു. 

തുടര്‍ന്ന് എസ്ഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നൂറ്റമ്പതോളം വരുന്ന ക്ഷേത്രവിശ്വാസികള്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി. സംഭവം വിവാദമായതോടെ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം എസിപി അനില്‍കുമാറും സിഐ അനീഷ് ജോയിയും വിശ്വാസികളുമായി നടത്തിയ ചര്‍ച്ചയില്‍ എസ്ഐക്ക് എതിരെ നടപടി എടുക്കാമെന്ന ഉറപ്പിന്‍മേല്‍ സംഘം പിരിഞ്ഞു പോകുകയായിരുന്നു.  ശനിയാഴ്ച എസ്ഐ കൈ കാണിച്ചിട്ട് ബൈക്ക് നിര്‍ത്തിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥിയെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയും സജികുമാറിനെതിരെ ഉണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി അക്ഷയ് ചികിത്സയിലാണ്. നിരവധി സംഭവങ്ങളില്‍ ശ്രീകാര്യം എസ്ഐയുടെ നടപടികള്‍ വിവാദത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: kerala police