'കാരുണ്യ ക്രിക്കറ്റ്': പോണ്ടിങ് ഇലവന് നാടകീയ ജയം

Monday 10 February 2020 1:38 pm IST

മെല്‍ബണ്‍: ഇതിഹാസങ്ങള്‍ അണിനിരന്ന കാരുണ്യത്തിനായുള്ള പോരാട്ടത്തില്‍ റിക്കി പോണ്ടിങ്ങിന് നാടകീയ വിജയം. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കാനായി സംഘടിപ്പിച്ച ചാരിറ്റി മത്സരത്തില്‍ പോണ്ടിങ് ഇലവന്‍ ഒരു റണ്‍സിന് ഗില്‍ക്രിറ്റ് ഇലവനെ പരാജയപ്പെടുത്തി. മത്സരത്തില്‍ നിന്ന് അമ്പത്തിയഞ്ചുകോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചു. 

താനിപ്പോഴും ഹീറോയാണെന്ന് തെളിയിക്കുന്ന പ്രകടമാണ് വിന്‍ഡീസ് ഇതിഹാസം ബ്രായന്‍ ലാറ കാഴ്ചവച്ചത്. പതിനൊന്ന് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം മുപ്പത് റണ്‍സ് നേടി ലാറ അടുത്ത ബാറ്റ്‌സ്മാന് അവസരം ഒരുക്കാനായി പിന്മാറുകയായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും മികച്ച പ്രകടനം നടത്തി. പതിനാല് പന്തില്‍ നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 26 റണ്‍സ് നേടി. നിശ്ചിത പത്ത് ഓവറില്‍ പോണ്ടിങ് ഇലവന്‍ അഞ്ചു വിക്കറ്റിന് 104 റണ്‍സ് കുറിച്ചു.

105 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗില്‍ക്രിസ്റ്റ് ഇലവന്‍ ജയത്തിന് രണ്ട് റണ്‍സ് അകലെ ബാറ്റ് താഴ്ത്തി. പത്ത് ഓവറില്‍ ആറു വിക്കറ്റിന് 103 റണ്‍സ്. ഗില്‍ക്രിസ്റ്റ് ഇലവനായി ഷെയ്ന്‍ വാട്‌സണ്‍ ഒമ്പത് പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 റണ്‍സ് കുറിച്ചു. ആന്‍ഡ്രു സിമണ്ട്‌സ്  പതിമൂന്ന് പന്തില്‍ 29 റണ്‍സ് നേടി.മൂന്ന് ഫോറും രണ്ട് സിക്‌സറും അടിച്ചു.

ആദ്യം ബാറ്റേന്തിയ പോണ്ടിങ് ഇലവന്റെ ഇന്നിങ്ങസിന്റെ ഇടവേളയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു ഓവര്‍ ബാറ്റ് ചെയ്തു. നേരിട്ട ആദ്യ പന്ത് തന്നെ സച്ചിന്‍ അതിര്‍ത്തികടത്തി. ഓസീസ് വനിതാ ക്രിക്കറ്റര്‍ എലിസ് പെറിയാണ് സച്ചിനെതിരെ ബൗള്‍ ചെയ്തത്. പെറിയുടെ അഭ്യര്‍ഥന മാനിച്ചാണ് സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.