ടൂറിസം സാദ്ധ്യതകളുമായി പൊന്‍മുടി തൂക്കുപാലം

Saturday 7 September 2019 3:41 pm IST

അടിമാലി: വിനോദ സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി പൊന്‍മുടി തൂക്കുപാലം ടൂറിസം ഭൂപടത്തിലിടം തേടുകയാണ്. ദൈനംദിനം നൂറുകണക്കിന് സ്വദേശികളും വിദേശികളും ഇവിടെ എത്തി മടങ്ങുന്നത്.  പൊന്‍മുടി അണക്കെട്ടും, വന്യമായ പ്രകൃതി ദൃശ്യങ്ങളും, നിഗൂഢതകളുറങ്ങുന്ന കൈവഴികളായി നീണ്ടു പരന്നു കിടക്കുന്ന ജലാശയവും കാണികളുടെ മനസില്‍ പുത്തന്‍ അനുഭൂതി നിറയ്ക്കും. അടിമാലി-രാജാക്കാട് റോഡില്‍ പന്നിയാര്‍കുട്ടിയ്ക്ക സമീപമാണ് പൊന്‍ മുടി ഡാം. ചരക്കുഗതാഗതമടക്കമുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു പാലം നിര്‍മ്മിച്ചത്.

1963 കാലഘട്ടത്തിലാണ് 294 മീറ്റര്‍ നീളവും, 965 അടി ഉയരവുമുള്ള അണക്കെട്ടാണിത്. ഇവിടെ നിന്നുള്ള വെള്ളമുപയോഗിച്ചാണ് പന്നിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കാലപ്പഴക്കത്തില്‍ പൊട്ടി പൊളിഞ്ഞ് താറുമാറായ പാലം കഴിഞ്ഞ വര്‍ഷമാണ് പുതുക്കി പണിതത്. അപകട സ്ഥിതിയിലായ വടം ഉള്‍പ്പെടെയുണ്ടായിരുന്ന ജീര്‍ണിച്ച വസ്തുക്കളെല്ലാം മാറ്റി നവീകരിച്ചു. 

തൂക്കുപാലവും, ചുറ്റുമുള്ള പ്രകൃതി മനോഹാരിതയും ആവോളം നുകര്‍ന്ന് സംതൃപ്തരായാണ് ഓരോരുത്തരും മടങ്ങുന്നത്. സമീപ പ്രദേശമായ മൂന്നാറില്‍ നിന്നുമുള്ളവരെ ട്രെക്കിംഗ് ജീപ്പിലെത്തിച്ചു തിരികെ താമസ സ്ഥലത്തെത്തിക്കും. ശ്രീ നാരായണപുരത്തെ പ്രകൃതി മനോഹാരിതയടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശി ച്ചു മടങ്ങുകയാണ് പതിവ്. 2,500 മുതല്‍ 3,500 വരെയാണ് വാടക നിരക്ക്. 

എന്നാല്‍ ഹൈഡല്‍ ടൂറിസവും, രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എം.എം. മണി മന്ത്രിയായതോടെ ഡാമിനു സമീപം കാട് വെട്ടിത്തെളിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 

പൊന്‍മുടി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 7 ന് നടക്കും. ചെങ്കുളത്തെപ്പോലെ ബോട്ടിങ് സൗകര്യവും, വിശ്രമകേന്ദ്രങ്ങളും, ശൗചാലയ സൗകര്യങ്ങളുമെരുക്കുന്നതിനൊപ്പം വിപുലമായി പൂന്തോട്ട സൗകര്യവും കൂടി വിനിയോഗിച്ചാല്‍ പൊന്‍മുടി വശ്യമനോഹരിയാകും, അതീവ സുന്ദരിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.