മതപരിവര്‍ത്തനത്തിന് ഹവാലപ്പണം; ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്; സിപിഎമ്മും കൈവിട്ടതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം വീണ്ടും ചര്‍ച്ചയാകുന്നു

Wednesday 20 November 2019 5:09 pm IST
ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി. അഹമ്മദ് ഷരീഫ്, പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, എന്നിവരാണ് മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്.

ന്യൂദല്‍ഹി: ഒരിടവേളയ്ക്കു ശേഷം എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവരുടെ തീവ്രവാദം സജീവചര്‍ച്ചയാകുന്നു. ഇതുവരെ അനുകൂല സമീപനം കൈക്കൊണ്ടിരുന്ന സിപിഎമ്മും മാവോയിസ്റ്റ് വിഷയത്തില്‍ കൈവിട്ടതോടെ ഇസ്ലാമിക തീവ്രവാദസംഘടനകളുടെ മുന്‍ചെയ്തികള്‍ ചര്‍ച്ചായാവുകയാണ്. ഹവാല പണം കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുക, ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ്, ലൗ ജിഹാദ് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഈ സംഘടനകള്‍ക്കെതിരേ ഉള്ളത്. ഇവരെ നിരോധിക്കണമെന്ന് ആവശ്യത്തിനും ഇപ്പോള്‍ ശക്തിയേറുകയാണ്. ഇവരുടെ തീവ്രവാദ പ്രവര്‍ത്തനത്തെ പറ്റി നേതാക്കള്‍ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലുമായി ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയുള്ള സംഘടിത മതപരിവര്‍ത്തനത്തിന് വിദേശത്ത്‌നിന്ന് ഹവാല വഴി പണം ഒഴുകുന്നുണ്ടെന്ന് നേരത്തെ ഇന്ത്യാ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നു.

ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി. അഹമ്മദ് ഷരീഫ്, പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, എന്നിവരാണ് മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. 

സംഘടനയുടെയും മഞ്ചേരിയിലെ സത്യസരണിയിടെയും അന്തിമ ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകും. എല്ലാ മുസ്ലീങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും ഹവാല വഴിയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് സമ്മതിക്കുന്നുണ്ട്. ദല്‍ഹിയില്‍ വെച്ചാണ് ഷരീഫുമായി സംസാരിച്ചതെന്ന് ചാനല്‍ പറയുന്നു.

മതപരിവര്‍ത്തനം എങ്ങനെയാണെന്ന് വിശദമാക്കിയായിരുന്നു സൈനബയുടെ ചാനലിന്റെ ചോദ്യങ്ങളോടുള്ള മറുപടി. ആര്‍എസ്എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന കാരണത്താല്‍ മതപരിവര്‍ത്തനമെന്ന പേരില്‍ കേന്ദ്രം തുടങ്ങാറില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേന്ദ്രത്തില്‍ തന്നെ താമസിപ്പിച്ചാണ് ഇവിടെയെത്തുന്നവരെ മതം മാറ്റുന്നത്. ഇങ്ങനെ മതം മാറുന്നവര്‍ അത് പുറത്ത് പറയാനുള്ള സാധ്യത കുറവാണെന്നും സൈനബ പറയുന്നു.

സത്യസരണിയെ ഔദ്യോഗികമായി മതംമാറ്റ കേന്ദ്രമെന്ന് വിളിക്കാറില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനമെന്നാണ് പറയുന്നതെന്ന് വ്യക്തമാക്കുന്ന സൈനബ ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്നും വ്യക്തമാക്കുന്നു.  പതിനഞ്ചോളം പേരുമായി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തി അവിടെ പള്ളി, ഭക്ഷണ-താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കും. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്.  മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍. ഇസ്ലാമിനെ കുറിച്ചും നമസ്‌കാരം പോലുള്ള കാര്യങ്ങളെക്കുറിച്ചും മതം മാറുന്നവരെ പഠിപ്പിക്കുകയും മതം മാറുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെടും. മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്താണ് സത്യസരണിയില്‍ പുറംലോകം അറിയാതെ മതം മാറ്റം നടക്കുന്നത്. പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ഇതിന് വേണ്ടി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു. 

ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ആരോപണങ്ങളുമായ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഘടനയെ നിരോധിക്കണമെന്നും കേരള സര്‍ക്കാര്‍ വിഷയത്തോട് മൗനം പാലിച്ചാല്‍ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുമെന്നും  കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.