പൊരുതിത്തോറ്റു

Friday 6 September 2019 2:42 am IST

 

ഗുവാഹത്തി: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. കരുത്തരായ ഒമാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ കീഴടക്കിയത്. റാബിയ അലവിയുടെ ഇരട്ട് ഗോളാണ് ഒമാന് വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി  ഗോള്‍ നേടിയത്.

81-ാം മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യ അവസാന എട്ട് മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 24-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു.

ആഷിഖ് കുരുണിയനെ ഒമാന്‍ താരം അബ്ദുള്‍ അസീസ് അല്‍ ഖിലാനി ഫൗള്‍ ചെയ്തിതിന് ലഭിച്ച ഫ്രി കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രന്‍ഡണ്‍ ഛേത്രിക്ക് പാസ് നല്‍കി. തന്നെ തടയാനെത്തിയ ഓമന്‍ താരത്തെ മറികടന്ന് ഛേത്രി പന്ത് വലയിലേക്ക്  തിരിച്ചുവിട്ടു. ഇന്ത്യക്കായി ഛേത്രിയുടെ 72-ാം ഗോളാണിത്.

ഇന്ത്യയുടെ തുടക്കം നന്നായി. ആദ്യ നിമിഷത്തില്‍ തന്നെ അവര്‍ ഒമാന്റെ ബോക്‌സില്‍ പന്തുമായെത്തി. പക്ഷെ ഗോളടിക്കാനായില്ല. അതേസമയം എട്ടാം മിനിറ്റില്‍ ഒമാന് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ മുന്നേറ്റനിരക്കാരനായ മക്ബലിയുടെ ഷോട്ട് ഇന്ത്യ ഗോളി ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് ഇന്ത്യ ഒരു ഗോളിന് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയില്‍ ഒമാന്റെ കുതിപ്പാണ് കണ്ടത്. തുടരെ തുടരെ അവര്‍ പന്തുമായി ഇന്ത്യന്‍ ബോക്‌സില്‍ എത്തി. എണ്‍പത്തിരണ്ടാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. മൈതാന മധ്യത്തില്‍ നിന്ന് പ്രതിരോധ നിരക്കാരന്‍ ട്ടികൊടുത്ത പന്ത് പിടിച്ചെടുത്ത് റാബിയ അലാവിയാണ് സ്‌കോര്‍ ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ഗോളടിക്കാന്‍ അവസരം ലഭിച്ചു. പക്ഷെ മന്‍വീറിന്റെ ക്രോസ് കണക്ട് ചെയ്യാന്‍ ചങ്‌തെയ്ക്ക് കഴിഞ്ഞില്ല. 89-ാം മിനിറ്റില്‍ റാബിയ അലാവി ഒമാന്റെ രണ്ടാം ഗോളും നേടി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.