ഗോരഖ്‌നാഥ് ക്ഷേത്ര ദര്‍ശന സമയത്ത് യോഗി ആദിത്യനാഥിനെ വധിക്കാന്‍ ശ്രമിച്ചേക്കാം; തീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കടന്നു കൂടാമെന്നും ഇന്റലിജന്‍സ്

Friday 14 February 2020 10:46 am IST

ന്യൂദല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രസഹ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രദര്‍ശന സമയത്ത് ആക്രമണത്തിനായി ഭീകരര്‍ പദ്ധതിയിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ തീവ്രവാദികള്‍ ക്ഷേത്രപരിസരത്ത് എത്താനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. മാധ്യമസംഘങ്ങളില്‍ നിന്നു പൊതുവേ അകലംപാലിക്കുന്ന മുഖ്യമന്ത്രിയാണ് യോഗി. എന്നാല്‍, ഗോരഖ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വളരെഎളുപ്പത്തില്‍ അദ്ദേഹവുമായി ഇടപഴകാനാകും. ഈ സാധ്യത തീവ്രവാദികള്‍ മുതലെടുക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ സ്ഥലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ യോഗി ജനത ദര്‍ബാര്‍ എന്ന പരിപാട് സംഘടിപ്പിക്കാറുമുണ്ട്. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മുഖ്യമന്ത്രിക്ക് ഭീഷണി ഉണ്ടെന്നല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ചില പ്രത്യേക സ്വാതന്ത്ര്യം തീവ്രവാദികള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നുമാണെന്നു മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

മുന്നറിയിപ്പിന്റെ പശ്ചാത്താലത്തില്‍ ഗോരഖ്പൂരിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടു ഏറ്റവും പുതിയ ഫോട്ടോ പതിച്ച ഐഡിന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മാധ്യമപ്രവര്‍ത്തകന്‍ ആണെന്നു പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ആള്‍ക്കാരെ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ. അടുത്തിടെ കാന്‍പൂര്‍ സന്ദര്‍ശന വേളയില്‍ യോഗിയെ തടയാന്‍ പദ്ധതിയിട്ട അഞ്ചു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഎഎ വിഷയത്തില്‍ പ്രക്ഷോഭകാരികളെ രൂക്ഷമായ ഭാഷയിലാണ് യോഗി വിമര്‍ശിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.