ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങളിലെല്ലാം പാക് കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടാകും; അവിടെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം നല്‍കുന്നത്‌ തോക്കുകള്‍

Friday 13 December 2019 4:30 pm IST

യുനൈറ്റഡ് നേഷന്‍സ്: ലോകത്തില്‍ നടന്നുവരുന്ന ഭീകര പ്രവര്‍ത്തനങ്ങളിലെല്ലാം പാക് കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടാകുമെന്ന് ഇന്ത്യ. നിരപരാധികളായ ജനങ്ങളെ കൊല്ലുന്നതിനായി ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യം കൂടിയാണ് പാക്കിസ്ഥാനെന്നും ഇന്ത്യ കുറ്റപ്പെടുത്തി. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്. 

ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളായ ജമ്മു കശ്മീര്‍, പൗരത്വ ഭേദഗതി ബില്‍ എന്നീവിഷയങ്ങള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാന്‍ ചര്‍ച്ചാ വിഷയമാക്കി ഉന്നയിച്ചതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുസ്തകങ്ങള്‍ക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നത്.

കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാകിസ്താന്‍ ആഗോള സമാധാനം തകര്‍ക്കുകയാണെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാഠി സഭയില്‍ വ്യക്തമാക്കി. 

ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ല. പൗലോമി ത്രിപാതി അറിയിച്ചു. ജമ്മു കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മുനീര്‍ അക്രം യുഎന്നില്‍ പ്രസംഗിച്ചത്. 

ഇതോടെ ഇന്ത്യയുടെ പൗലോമി ത്രിപാഠി രൂക്ഷമായ ഭാഷയില്‍ തന്നെ പാക്കിസ്ഥാനെ വിമര്‍ശിക്കുകയായിരുന്നു. ഭീകരരുടെ സുരക്ഷിത സ്ഥാനമാണ് പാക്കിസ്ഥാന്‍. അവിടെ ഭീകരര്‍ക്ക് എല്ലാവിധത്തിലുമുള്ള പരിശീലനവും ലഭിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം. അല്ലാതെ അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ അല്ല. രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പൊതുവേദികളില്‍ പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാഠി കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.