ഡാലസില്‍ പരക്കെ നാശം വിതച്ച് ചുഴലിക്കാറ്റ്; വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

Wednesday 23 October 2019 1:29 pm IST

ഡാലസ്: ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. 140 മൈൽ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകരുകയും വൃക്ഷങ്ങൾ കടപുഴകുകയും ചെയ്തു. മിക്കയിടങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. 

ഒക്ടോബര്‍ 20 ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. തലേദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച എട്ടുമണിയോടെ ടൊര്‍ണാഡൊ സൈറണ്‍ മുഴങ്ങി. ഇതിനു മുമ്പു തന്നെ കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചിരുന്നുവെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു. 

നോര്‍ത്ത് ടെക്‌സസില്‍ മാത്രം മൂന്നു ചുഴലിക്കാറ്റുകളാണ് വിശിയടിച്ചത്. ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ നഷ്ടപ്പെട്ട വൈദ്യുതി തിങ്കളാഴ്ച വൈകിട്ടു പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം താറുമാറായതിനെ തുടര്‍ന്നു പല ആശുപത്രികളും ജനറേറ്ററുകളിലാണ് പ്രവര്‍ത്തിക്കുന്നത്. 

സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലായതിനെ തുടര്‍ന്ന് വാഹന ഗതാഗതത്തിനും വളരെ താമസം നേരിടുന്നുണ്ട്. വാളണ്ടിയര്‍മാരും, അഗ്‌നിശമന സേനയും പോലീസും ഇലക്ട്രിക് കമ്പനിയും രാത്രിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും റോഡുകളും വൈദ്യുതിയും പൂര്‍വ്വസ്ഥിതിയില്‍ എത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രിയും ശക്തമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.