പോലീസില്‍ ഭിന്നത; സര്‍ക്കാരും സേനയും അകല്‍ച്ചയില്‍; നാളെ അസോസിയേഷന്‍ സമ്മേളനം

Thursday 10 May 2018 12:38 pm IST
കേസില്‍ എസ്പിയെ രക്ഷിക്കാന്‍, മേധാവികളുടെ നിര്‍ദ്ദേശം അനുസരിച്ചപൊലീസുകാരെ കുറ്റക്കാരാക്കുന്നുവെന്ന് പോലീസ് അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിക്കുന്നു.

കൊച്ചി : പോലീസ് സേനയ്ക്കുള്ളില്‍ ഭിന്നത. പോലീസും സര്‍ക്കാരും തമ്മില്‍ അകല്‍ച്ച. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നാശങ്ക. പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് സര്‍വീസ് അസോസിയേഷന്‍ എന്നീ മൂന്ന് സംഘടനകള്‍ ആറുതട്ടിലായിക്കഴിഞ്ഞു. അസോസിയേഷനുകളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ച പോലീസ് മേധാവിയുള്‍പ്പെടെ ഉന്നതര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കിട്ടിയത് ശകാരമാണ്. ഇതോടെ പോലീസില്‍ ഒരു വന്‍ വിഭാഗം സര്‍ക്കാരിനോട് അകന്നുകഴഞ്ഞു. 

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസില്‍ എസ്പി എ.വി.ജോര്‍ജിനെ രക്ഷിക്കാന്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റേയും പോലീസ് അസോസിയേഷന്റേയും നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. ഇതേചൊല്ലി ഇരു സംഘടനുകളുടേയും പ്രവര്‍ത്തകരും നേതാക്കന്മാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

 കേസില്‍ എസ്പിയെ രക്ഷിക്കാന്‍, മേധാവികളുടെ നിര്‍ദ്ദേശം അനുസരിച്ചപൊലീസുകാരെ കുറ്റക്കാരാക്കുന്നുവെന്ന് പോലീസ് അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിക്കുന്നു. എസ്ഐ: ദീപക്കിനെ കുറ്റക്കാരനാക്കി എസ്പിയെ രക്ഷിക്കാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നതെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങളും ആരോപിക്കുന്നു.

കൊലക്കുറ്റം ചുമത്തപ്പെട്ട വരാപ്പുഴ എസ്ഐ: ജി.എസ്. ദീപക്കും എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പൊലീസുകാരും റിമാന്‍ഡിലാണ്. പറവൂര്‍ സിഐ: ക്രിസ്പിന്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയത്. എസ്പിയെ ഇതുവരെ കേസിന്റെ ചിത്രത്തില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

 തിരുവന്തപുരത്ത് ഉദയനെ ഉരുട്ടിക്കൊലക്കേസ്, പാലക്കാട്ടെ സമ്പത്ത് കസ്റ്റഡി മരണക്കേസ് എന്നിവപോല ഇവിടെയും പോലീസുകാരെയും എസ്ഐയെയും കുറ്റക്കാരാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

അവധിയിലായിരുന്ന എസ്ഐ: ദീപക് എസ്പിയുടെ നിര്‍ദേശപ്രകാരമാണു തിരുവനന്തപുരത്തുനിന്നു വരാപ്പുഴയിലെത്തിത്. അവധിയിലാണെന്ന് അറിയിച്ചിട്ടും ഉടനെ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് എസ്പി മോശമായ ഭാഷയില്‍ പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതും എസ്പിയാണ്. ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദ്ദേശ പാലിച്ചതിന് ക്രൂശിക്കപ്പെടുകയാണ് പോലീസുകരെന്ന് പോലീസിന്റെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഇത്തരം ചര്‍ച്ചകളില്‍. 

ഇപ്പോള്‍ വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണെങ്കില്‍ നാളെ ആര്‍ക്കും ഈ അവസ്ഥ വരാം എന്നാണ് ചിലരുടെ നിലപാട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

കേസുകളില്‍ നപടി പതുക്കെ മതിയെന്ന് നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് അസോസിയേഷനിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദേശമനുസരിച്ച്, കുഴപ്പംപിടിച്ച കേസുകളില്‍ ചെന്നുചാടേണ്ടതില്ലെന്നാണു ഒരുവിഭാഗത്തിന്റെ തീരുമാനം. വരാപ്പുഴയിലെ സംഭവം വിവാദമായതോടെ മറ്റു ജില്ലകളിലെ സ്‌ക്വാഡ് അംഗങ്ങളും പരിഭ്രാന്തരാണ്. 

പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ വാരാപ്പുഴകേസിലെ നേതാക്കളുടെ ഇടപെടലിനെതിരെ രൂക്ഷ വമിര്‍ശനം ആണ് ഉയരുന്നത്. നാളെ കോഴിക്കോട് വടകരയില്‍ നടക്കുന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വാരാപ്പുഴയിലെ നേതാക്കളുടെ സമീപനം ചര്‍ച്ചയായി ഉയരും. അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.