പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി: കര്‍ഷകരെ ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്നു, പോയി മോദിയോട് ചോദിക്കെന്ന് മറുപടി, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കർഷകർ

Friday 8 November 2019 6:28 pm IST

കണ്ണൂര്‍: മോദി സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ കര്‍ഷകര്‍ക്കുള്ള പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍നിധിയെക്കുറിച്ച് അന്വേഷിച്ചെത്തുന്ന കര്‍ഷകരെ കൃഷിഭവനുകളിലെ ചില ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്നതായി പരാതി.  പദ്ധതിപ്രകാരം വിവിധ കൃഷിഭവനുകളിലൂടെ ലക്ഷക്കണിക്കിന് കര്‍ഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ധനസഹായം ലഭിക്കാത്ത കര്‍ഷകരാണ് കൃഷിഭവനുകളില്‍ കാര്യങ്ങളന്വേഷിച്ച് എത്തുന്നത്. മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ pmkissan.gov.in ല്‍നിന്നും അപേക്ഷയുടെ തല്‍സ്ഥിതി അറിയാന്‍ കഴിയും. ആവശ്യക്കാര്‍ക്ക് ഇതിന്റെ പ്രിന്റ് നല്‍കുകയും ചെയ്യാം. എന്നാല്‍ ഇതിനൊന്നും തയ്യാറാകാതെ ധിക്കാരപരമായ മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. വൃദ്ധരും മറ്റുമെത്തിയാല്‍ മോദിയോട് ചോദിക്ക്, മോദിയുടെ പണമല്ലേ എന്നൊക്കെയുള്ള മറുപടിയാണ് ലഭിക്കുക.  

മലയോര മേഖലയിലെ ഒരു കൃഷിഭവനില്‍ കാര്യങ്ങളന്വേഷിക്കാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെയായായിരുന്നു. കൃഷി ഓഫീസറുടെ കയ്യില്‍ ആധാര്‍ നല്‍കിയ ശേഷം സൈറ്റില്‍ നോക്കി നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ലല്ലോ പുറത്ത് മലയാളത്തിലുള്ള നോട്ടീസ് എഴുതിവെച്ചിട്ടുണ്ട്, അത് വായിച്ചുനോക്ക് എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ കൃഷിഭനിലെത്തുന്ന കര്‍ഷകര്‍ വിദ്യാഭ്യാസമേറെയില്ലാത്തവരാണല്ലോ അവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്നായി ഉദ്യോഗസ്ഥര്‍. 

അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് കാര്‍ഷിക മേഖലയിലേറെയുള്ളതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും തട്ടിക്കയറുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഒടുവില്‍ ഞങ്ങളെ ബുദ്ധിമുട്ടിലാക്കാന്‍ ഓരോ പദ്ധതികള്‍ എന്ന് മുറുമുറുപ്പും. കിസാന്‍ സമ്മാന്‍നിധി കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് നാളിതുവരെ ലഭിക്കാത്ത ആശ്വാസ പദ്ധതികളിലൊന്നാണ് ഇത്. എന്നാല്‍ ഇത് അട്ടിമറിക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

ബാങ്ക് ആക്കൗണ്ടിലുള്ള ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലര്‍ക്കും പണം ലഭിക്കാത്തത്. അക്കൗണ്ട് നമ്പറിലെ അപാകതകള്‍, ഐഎഫ്എസ്‌സി കോഡിലെ തെറ്റുകള്‍, കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതരത്തിലല്ലാത്ത അക്കൗണ്ടുകള്‍, പേരിലെ വ്യത്യാസം, തുടങ്ങിയ കാരണങ്ങളാലാണ് പണം ലഭിക്കാന്‍ വൈകുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍ തിരുത്തി നല്‍കുന്നത് കൃഷിഭവനുകള്‍ മുഖേനയാണ്. 

എളുപ്പത്തില്‍ ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ തടസ്സം പറയുന്നത്. ഫെബ്രുവരിയില്‍ തുടക്കമിട്ട പദ്ധതിയില്‍ നാല്‍പ്പപത് ലക്ഷത്തോളം കര്‍ഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.