ലാല്‍ പ്രിയന്‍ ശ്രീനി കൂട്ടുകെട്ട് മക്കളിലേക്കും; പ്രണവും കല്യാണിയും വിനീതിന്റെ സിനിമയില്‍ നായിക-നായകന്‍മാര്‍; ചരിത്രം കുറിക്കാന്‍ 40 വര്‍ഷത്തിനുശേഷം മെരിലാന്‍ഡ്

Tuesday 3 December 2019 3:54 pm IST

തിരുവനന്തപുരം: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ നായികാ നായകന്‍മാരായി പ്രണവ് മോഹന്‍ലാലും കല്യാണി പ്രയദര്‍ശനും. സിനിമയുടെ പേര് 'ഹൃദയം'. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിശദാംശങ്ങള്‍ആരാധകരെ അറിയിച്ചത്. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യമാണ്  നിര്‍മ്മിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹൃദയത്തിന് ഉണ്ട്്. 1952 മുതല്‍1979 വരെ 96 സിനിമകള്‍ നിര്‍മ്മിച്ച മെറിലാന്റ്്  അവസാനം നിര്‍മ്മിച്ചത് നാഗവള്ളി കഥയും തിരക്കഥയും എഴുതി പി. സുബ്രഹ്മണ്യം സംവിധാനം  ചെയ്ത 'ഹൃദയത്തിന്റെ നിറങ്ങള്‍' ആണ്.  

 മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. അവരുടെ മക്കള്‍ നായിക നായകന്‍മാരാകുന്ന ആദ്യചിത്രമാണ് 'ഹൃദയം'. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ കുഞ്ഞാലി മരയക്കാരില്‍ ഇരുവരും ഒരിമിച്ചഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനും പ്രിയദര്‍ശനും ഇതുവരെ  മെറിലാന്റിന്റെ സിനിമയില്‍ സഹകരിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ഇവര്‍ സിനിമയില്‍ എത്തുമ്പോഴേയ്ക്കും  മെറിലാന്റ് നിര്‍മ്മാണം നിര്‍ത്തിയാതണ് കാരണം. പ്രണവിനെയും കല്യാണിയെയും കൂടാതെ ദര്‍ശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. ഓണം റിലീസായി 'ഹൃദയം' തിയേറ്ററുകളില്‍ എത്തുമെന്നാണ് വിനീത് തന്റെ കൈപ്പടയില്‍ തയാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ബാല്യകാല അഭിനയത്തിലൂടെ തന്നെ മലയാളി മനസുകളില്‍ ഇടം നേടിയ താരമാണ് പ്രണവ്. 2002ല്‍ ഇറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലത്തെ അഭിനയിച്ച് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രണവിന് പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു. ഇടക്കാലത്തേക്ക് സിനിമ വിട്ട് പഠനത്തില്‍ ശ്രദ്ധിച്ചെങ്കിലും 2015ല്‍ പാപനാശം, ലൈഫ് ഓഫ് ജോസ്‌കുട്ടി എന്നീ സിനിമകളില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2018ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ അഭിനയത്തിന് മികച്ച നടനുള്ള സിനിമ അവാര്‍ഡും കരസ്ഥമാക്കി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഗസ്റ്റ് റോളായി വന്ന് തിയേറ്ററുകള്‍ ഇളക്കിമാറിക്കാനും ഈ പ്രതിഭയ്ക്ക് സാധിച്ചു. അരുണ്‍ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും നായകനായി ശ്രദ്ധേയമായി പ്രണവ്. മോഹന്‍ലാലിന്റെ റീലിസിനൊരുങ്ങുന്ന മരയ്ക്കാര്‍: അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് സിനിമയിലെക്ക് തിരിച്ചെത്തിയ പ്രണവ് അഭിനയത്തിനു പുറമെ തന്റെ ചിത്രമായ ആദിയില്‍ ഗാനമെഴുതി ആലപിക്കുകയും ചെയ്തു.അഭിനയത്തിനപ്പുറമുള്ള മേഖലകളിലൂടെയാണ് കല്യാണി സിനിമയില്‍ എത്തിയത്. എങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഒരു ഇടം സിനിമ ലോകത്ത് സൃഷ്ടിക്കാന്‍ കല്യാണിക്കായി. 2013ലെ ഋത്വിക് റോഷന്‍ ചിത്രമായ കൃഷ് 3 ല്‍ അസിസ്റ്റന്റ പ്രൊഡക്ഷന്‍ ഡിസൈനായി സിനിമയിലേക്ക് എത്തിയ കല്യാണി മൂന്നു വര്‍ഷത്തിനു ശേഷം 2016ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ഇരുമുഖനില്‍ സഹ കലാ സംവിധായകയായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2017ല്‍ അഭിനയജീവിതം കുറിച്ച ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ രണ്ടു പുരസ്‌കാരങ്ങളും നേടാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.