അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉയരങ്ങള്‍ താണ്ടിയ പ്രഞ്ജാല്‍ ഇനി തിരുവനന്തപുരത്തിന്റെ സ്വന്തം സബ്കളക്റ്റര്‍

Monday 14 October 2019 1:20 pm IST

തിരുവനന്തപുരം:  ആറാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും വിധിയില്‍ തളരാതെ അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചിരിക്കുകയാണ് പ്രഞ്ജാല്‍ പാട്ടീല്‍. കേരളാ കേഡറില്‍ സബ് കളക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചശക്തിയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാല്‍. സര്‍വ്വീസിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തിരുവനന്തപുരം ജില്ലാ സബ്കളക്ടറായി ചുമതലയേറ്റു പ്രഞ്ജാല്‍. ഇന്നു രാവിലെ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പുതിയ സബ്കലക്റ്ററെ സ്വീകരിച്ചു. കളക്റ്ററും സഹപ്രവര്‍ത്തകരുമെല്ലാം  ആശംസകളുമായി എത്തി. 2017-ല്‍ 124-ാം റാങ്ക് നേടിയാണ് മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയായ പ്രഞ്ജാല്‍ സര്‍വ്വീസിലെത്തുന്നത്.

2016-ല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 773-ാം റാങ്ക് നേടിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വ്വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു. റെയില്‍വേ പരിശീലനത്തിന് ക്ഷണിച്ചുവെങ്കിലും കാഴ്ചശക്തിയില്ല എന്ന കാരണത്താല്‍ അവസരം നിഷേധിക്കപ്പെട്ടു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജാല്‍ അടുത്ത തവണ കൈവരിച്ചത് തിളക്കമാര്‍ന്ന നേട്ടം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ പ്രഞ്ജാല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. ഭര്‍ത്താവ് കോമള്‍സിംഗ് പാട്ടീല്‍ വ്യവസായി ആണ്. എല്‍.ബി പാട്ടീല്‍-ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണ് പ്രഞ്ജാല്‍ പാട്ടീല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.