പ്രതീക്ഷയോടെ ജമ്മു കശ്മീര്‍

Monday 19 August 2019 1:30 am IST

 

 

ന്താവും ജമ്മു കശ്മീരിന്റെ ഭാവി? പലരില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന  ഒരു സംശയമാണ്. സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും അനുഛേദം-370 മൂലമുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തതോടെ ജമ്മു കശ്മീരില്‍   വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്. ഈ തീരുമാനത്തോട് കാശ്മീരി ജനത വളരെ ഭാവാത്മകമായിട്ടാണ് പ്രതികരിച്ചത്. ഭാവികമായും കുറെയൊക്കെ എതിര്‍പ്പുകളുണ്ടാവും, ഏത് കാര്യത്തിലും രാഷ്ട്രീയവുമുണ്ടാവുമല്ലോ. എന്നാല്‍, കുഴപ്പമുണ്ടാക്കിക്കൊണ്ടു നടന്നിരുന്നവര്‍ക്ക് വലിയ ജനപിന്തുണയില്ലെന്ന് ഏറെക്കുറെ വ്യക്തമായി. ഇതുവരെ സംഘര്‍ഷത്തില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നത് ആ സംസ്ഥാനത്തിന്റെ ചരിത്രമറിയുന്നവര്‍ക്ക് പ്രതീക്ഷയെ പകരൂ. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ നിയന്ത്രിച്ചിട്ടും അവിടിത്തെ പത്രങ്ങള്‍ എല്ലാം പുറത്തിറങ്ങി. അതിനൊക്കെ ശേഷമാണ് ഈ ശാന്തത. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒരു ബഹളവും ഉണ്ടായില്ലല്ലോ. മുസ്ലിം ലീഗിന്റെ മലപ്പുറത്തും ഒവൈസിയുടെ ഹൈദരാബാദിലും പോലും ഒന്നുമുണ്ടായില്ല. എന്താണത് നല്‍കുന്ന സൂചന? ജനങ്ങള്‍ ഇക്കാര്യത്തില്‍ രാജ്യത്തിനൊപ്പമാണ്, നരേന്ദ്ര മോദിക്ക് ഒപ്പമാണ് എന്നതുതന്നെ.

ഈ വലിയ മാറ്റങ്ങള്‍ പാര്‍ലമെന്റ് അംഗീകരിക്കുമ്പോള്‍ കശ്മീര്‍ സംഘര്‍ഷ പൂരിതമാവാതിരിക്കണം എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ജനങ്ങളെ കഷ്ടപ്പെടുത്താന്‍ ഭീകരരും അവരുടെ സഹചാരികളും തയ്യാറാവുമെന്ന ആശങ്ക ഭരണകൂടത്തിനുണ്ടായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത വലിയ സുരക്ഷാ സംവിധാനമാണ്, ജനങ്ങളെ ജയിലില്‍ അടച്ചത് പോലെയാണ് എന്നൊക്കെയാണ് ചില പ്രതിപക്ഷ കക്ഷികള്‍ ആക്ഷേപിച്ചത്. എന്നാല്‍ ആ കുറ്റമറ്റ സംവിധാനം ഒരുക്കിയത് അവിടത്തെ ജനതക്കുവേണ്ടിക്കൂടിയാണ്. കശ്മീരിന്റെ ചരിത്രമറിയാവുന്നവര്‍ക്ക് അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. 

 പാക്കിസ്ഥാന്‍ ഇക്കാലത്ത് അവിടെ കുഴപ്പമുണ്ടാക്കാന്‍ കഴിവതൊക്കെ ശ്രമിച്ചു. ഭീകര പ്രസ്ഥാനങ്ങളെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ടത്രെ. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ആ നിരാശ പാക്കിസ്ഥാന്റെ വാക്കുകളില്‍ നിഴലിച്ചതും നാം പിന്നീട് കണ്ടു. പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ, ഇന്ത്യയില്‍ വലിയ പ്രതിഷേധം നടക്കുന്നു എന്നും  അതിനെ പട്ടാളം അടിച്ചമര്‍ത്തുന്നു എന്നും മറ്റുമുള്ള വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കേണ്ടിവന്നത് അതുകൊണ്ടാണല്ലോ. അവസാനം ട്വിറ്ററിന് തന്നെ ആ അക്കൗണ്ട് നിരോധിക്കേണ്ടിവന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് അതുണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഒരര്‍ഥത്തില്‍ കശ്മീരില്‍ തങ്ങള്‍ വിചാരിച്ചതുപോലെ ഒരു പ്രതിഷേധവും ഉണ്ടാവാതിരുന്നപ്പോഴത്തെ നിരാശയാണ് ഇതൊക്കെ ചെയ്യാന്‍ ഇസ്ലാമാബാദിനെ പ്രേരിപ്പിച്ചത്.

കര്‍ഫ്യുവും സുരക്ഷാ സംവിധാനവുമൊക്കെ കശ്മീരിന് പുതിയതല്ല. ഇന്നിപ്പോള്‍ അതിന്റെപേരില്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നവര്‍ ഭരിക്കുന്ന കാലഘട്ടത്തിലാണ് അതൊക്കെ മുന്‍പുണ്ടായിട്ടുള്ളത്. ഒരു വ്യത്യാസം, ഇത്തവണ ജനങ്ങള്‍ക്ക് അതൊരു പ്രശ്‌നമേയായില്ല. കടകള്‍ വൈകിട്ട് ആറുമണിവരെ തുറന്നു, 1166 മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു, ജനങ്ങള്‍ സാമഗ്രികള്‍ വാങ്ങി, എടിഎമ്മുകള്‍ തുറന്നു. 243.44 കോടി രൂപയാണ് സ്വാതന്ത്ര്യദിന പിറ്റേന്ന് വരെയുള്ള നാലുദിവസം കൊണ്ട് എടിഎമ്മുകളില്‍നിന്ന് പിന്‍വലിച്ചത്. മാറ്റങ്ങള്‍ക്ക് ശേഷമുള്ള വെള്ളിയാഴ്ചകളില്‍ മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനക്ക് വലിയ തോതില്‍ ജനങ്ങളെത്തി. ഈദ് പെരുന്നാള്‍ ജനപങ്കാളിത്തത്തോടെയും സമാധാനപരമായും കൊണ്ടാടാന്‍ കഴിഞ്ഞ. പെരുന്നാളിന് തലേന്ന് കശ്മീര്‍ ഭരണകൂടവും പൊലീസും ചേര്‍ന്ന് വിളിച്ചുകൂട്ടിയ 1400 ഓളം വരുന്ന പള്ളികളുടെ ഭരണമുള്ള ഇമാമുമാരുടെ യോഗം നല്ലനിലക്കാണ് സ്വീകരിക്കപ്പെട്ടത്. അതിനുപിന്നാലെയാണ് മുന്‍പെങ്ങും കാണാത്തവിധം സ്വാതന്ത്ര്യ ദിനം കശ്മീരില്‍ ആഘോഷിച്ചത്. അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ പൊലീസിന് വെടിയുതിര്‍ക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.  

ഒരു പ്രമുഖ ചാനല്‍ നടത്തിയ സര്‍വേയും ശ്രദ്ധിക്കേണ്ടതാണ്. താഴ്വരയില്‍പോലും ഭൂരിപക്ഷം ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കുന്നു. 58 ശതമാനം ഇത് നല്ലനീക്കമാണെന്ന് പറയുമ്പോള്‍ മുപ്പത് ശതമാനം എതിര്‍ക്കുന്നു, 12 ശതമാനം അഭിപ്രായം പറയാതെ മാറിനിന്നു. മുസ്ലിം മേഖലയിലെ സ്ത്രീകള്‍പോലും ടിവിക്യാമറക്ക് മുന്നില്‍വന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചു. മൊത്തം സംസ്ഥാനത്തെ ജനതയില്‍ 70% പേര് അനുഛേദം 370-ന്റെ കാര്യത്തിലെടുത്ത തീരുമാനത്തെയും   സംസ്ഥാനത്തെ വിഭജിച്ചതിനെയും സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുണ്ടായത് 22% പേരിലാണ്. യുവാക്കള്‍ യുവതികള്‍ ഒക്കെ വളര്‍ച്ചയും വികസനവും തൊഴിലുമൊക്കെ  പ്രതീക്ഷിക്കുന്നു. അതുതന്നെയാണ് പ്രധാനമന്ത്രി നല്‍കിയ സന്ദേശവും. നേരായ പാതയിലാണ് കേന്ദ്രവും സംസ്ഥാന ഭരണകൂടവും എന്നര്‍ത്ഥം.

സുരക്ഷാ സംവിധാനങ്ങള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടതുണ്ട്. മറ്റുള്ള നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി കഴിഞ്ഞു. ജമ്മുമേഖല സാധാരണനിലയിലായി. താഴ്‌വരയിലാണ് താമസമുണ്ടായത്. സെക്രട്ടറിയേറ്റ് പ്രവര്‍ത്തനക്ഷമമായി. മറ്റുസര്‍ക്കാര്‍ ഓഫീസുകളും തുറന്നിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജമ്മുവില്‍ നേരത്തെ തുറന്നിരുന്നു. മറ്റിടങ്ങളില്‍ തിങ്കളാഴ്ച തുറക്കും. ലാന്‍ഡ്ലൈന്‍ ഫോണുകള്‍ വെള്ളിയാഴ്ച രാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി. അഞ്ചുജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ ശനിയാഴ്ച ലഭ്യമാക്കി. ജമ്മുകശ്മീരിലെ ഏതാണ്ട് പതിനഞ്ച് ശതമാനം ഭൂപ്രദേശമാണ്. കശ്മീര്‍ താഴ്‌വര, അവിടെയാണ് ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ബാക്കി മേഖലയൊക്കെ ഏറെക്കുറെ പ്രശ്‌നരഹിതമാണ്. ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുകയും ചെയ്യുന്നു. കുപ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ക്കശമായ നടപടി ഉറപ്പാണെന്ന സന്ദേശവും സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

ഇനി ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശമാണ്. ലഡാക്കില്‍ നിയമസഭാ ഉണ്ടാവില്ല, കശ്മീരില്‍ അതുണ്ടാവുകയും ചെയ്യും. എന്നാല്‍ കശ്മീരില്‍ ക്രമസമാധാനം, ഐപിഎസ്, ഐഎഎസ് എന്നിവയൊക്കെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധീനതയിലാവും. അതായത് ഏത് പാര്‍ട്ടി ഭരണത്തിലേറിയാലും കേന്ദ്രത്തിന് ഒരു നിയന്ത്രണം ഉണ്ടാവും. എന്നാല്‍ കേന്ദ്രത്തിന്റെ അകമഴിഞ്ഞ സഹായം കശ്മീരിനും ലഡാക്കിനും ലഭിക്കും. അടുത്തമാസം മധ്യത്തില്‍ വലിയൊരു 'ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ്' അവിടെ സംഘടിപ്പിച്ചുകഴിഞ്ഞു.

ഒക്ടോബര്‍ 31-നാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരിക. താമസിക്കാതെ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. അതിനുമുമ്പായി മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്താനാവുമോ എന്നതാണ് മറ്റൊരു കാര്യം. ഇപ്പോള്‍ താഴ്വരയില്‍ വോട്ടര്‍മാര്‍ കുറവാണ്, ഭൂപ്രദേശവും. എന്നാല്‍ നിയമസഭാ മണ്ഡലങ്ങള്‍ അവിടെ കൂടുതലാണ്. ജമ്മു മേഖലയില്‍ താഴ്‌വരയെ അപേക്ഷിച്ച് വോട്ടര്‍മാര്‍ ഏതാണ്ട് ഇരട്ടിയും അതിലധികവുമാണ്. രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം, ജമ്മു ജില്ല 2,336 ചതുരശ്ര കിലോമീറ്ററാണ്. വോട്ടര്‍മാരുടെ എണ്ണം 10.10 ലക്ഷം. ഒരു നിയോജകമണ്ഡലത്തിന്റെ ശരാശരി വിസ്തൃതി 212 ചതുരശ്ര കിലോമീറ്ററും. അവിടെയുള്ളത് വെറും 11 നിയോജകമണ്ഡലങ്ങള്‍. അതേസമയം കശ്മീര്‍ താഴ്വരയില്‍ വോട്ടര്‍മാര്‍ 6.23 ലക്ഷം. വിസ്തൃതി 294 ചതുരശ്ര കിലോമീറ്ററും. ഒരു മണ്ഡലത്തിന്റെ ശരാശരി വിസ്തൃതി 37 ചതുരശ്ര കിലോമീറ്ററുമാണ്. അവിടെയുള്ളത് എട്ട് മണ്ഡലങ്ങളും. ഇത് പ്രത്യക്ഷത്തില്‍തന്നെ നീതീകരണമില്ലാത്തതാണ്. അനവധി വര്‍ഷങ്ങളായി അവിടെ മണ്ഡല പുന:നിര്‍ണയം നടന്നിട്ടില്ല. മണ്ഡല പുന:നിര്‍ണയം കഴിയുമ്പോള്‍ ഈ അവസ്ഥ മാറും. ജമ്മു മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. അതും ജമ്മു കശ്മീരിലുണ്ടാവാന്‍ പോകുന്ന വലിയ രാഷ്ട്രീയ മാറ്റമായിരിക്കും. തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ മനസ്സില്‍ അതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആലോചന തുടങ്ങിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.