പ്രവാസികള്‍ക്കുള്ള നികുതി നിര്‍ദ്ദേശം

Saturday 8 February 2020 6:32 am IST

 

വിദേശ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആദായ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ വിദേശ വരുമാനം ഉപയോഗിച്ച് അവര്‍ ഇന്ത്യയില്‍ നടത്തുന്ന വാണിജ്യ വ്യവസായങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനും, കെട്ടിട വാടകയിനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനും അവര്‍ നികുതിയടയ്ക്കാന്‍ ബാധ്യസ്ഥരാണ്. 2020ലെ ഫിനാന്‍സ് ബില്‍ പ്രകാരം, വിദേശത്ത് നികുതി ബാധ്യതയില്ലാത്ത വിദേശ ഇന്ത്യക്കാരെ ആദായ നികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്നവരായിട്ടാണ് കണക്കാക്കുന്നത്.

ഒരു പ്രവാസിയുടെ ഇന്ത്യയിലെ താമസത്തിന്റെ ദൈര്‍ഘ്യമനുസരിച്ചാണ് അയാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് കണക്കാക്കുന്നത്. അതിന്‍ പ്രകാരം, ഒരു സാമ്പത്തികവര്‍ഷം ഒരാള്‍ ആറുമാസമോ അഥവാ കൃത്യമായി പറഞ്ഞാല്‍ 182 ദിവസമോ ഇന്ത്യയില്‍ ഉണ്ടായിരുന്നാലും; കണക്കാക്കപ്പെടുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തൊട്ട് മുമ്പുള്ള നാലു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചാല്‍ ആദായ നികുതി നിയമമനുസരിച്ച് അയാള്‍ ഇന്ത്യന്‍ റസിഡന്റ് ആയിട്ടാണ് പരിഗണിക്കപ്പെടുക.

ഫിനാന്‍സ് ബില്ലിന്റെ ഈ വകുപ്പ് പ്രകാരം ഇന്ത്യയിലെ താമസക്കാരായി കണക്കാക്കപ്പെടുന്ന വിദേശ ഇന്ത്യക്കാരുടെ ആഗോള ആദായത്തിന് അവര്‍ ഇന്ത്യയില്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ അത് ഇന്ത്യന്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനമാകാന്‍ പാടില്ല. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. നികുതി ബാധ്യതകളില്‍ നിന്നും ബോധപൂര്‍വമുണ്ടാക്കുന്ന പഴുതുകളിലൂടെ നികുതി നിഷേധം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ്. പഴുതുകളടച്ചുള്ള നികുതി സമ്പ്രദായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യു.എ.ഇ പോലുള്ള നിരവധി വിദേശ രാജ്യങ്ങളിലും വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള ആഗോള വരുമാനമുപയോഗിച്ച് വിദേശ ഇന്ത്യക്കാര്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്ക്കാതിരിക്കുന്ന പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നില്ല എന്നതാണ് ഇതിന് അവര്‍ ചൂണ്ടിക്കാണുന്ന ഒരു കാരണം. സര്‍ക്കാരിന്റെ നയം വളരെ വ്യക്തമാണ്. ഏത് വരുമാനമുപയോഗിച്ചാലും, അതിന് ഇന്ത്യയില്‍ ലഭിക്കുന്ന ആദായത്തിന് ഇവിടെ നികുതി അടയ്‌ക്കേണ്ടതാണ്. വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് ഇവിടെ ആദായ നികുതിയടയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല.

വിദേശത്ത് നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാദ്ധ്യതയെക്കുറിച്ചുള്ള സംശയത്തെക്കുറിച്ച് ധനമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ വരുമാനത്തിന് നികുതി വേണ്ട. പ്രവാസികള്‍ ഇന്ത്യയിലെ വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. വിദേശ ഇന്ത്യക്കാരായാലും, സ്വദേശത്ത് സ്ഥിരതാമസമാക്കിയവരായാലും സ്വന്തം വരുമാനത്തിന് ഇളവുകള്‍ കഴിഞ്ഞുള്ള നികുതി അടയ്‌ക്കേണ്ടത് ഏത് പൗരന്റേയും പ്രാഥമിക കടമയാണ്. പൂമ്പാറ്റകള്‍ പൂവിനെ നോവിക്കാതെ പൂവില്‍ നിന്നും തേന്‍ നുകരുന്നത് പോലെ സ്വാഭാവികമായി വേണം സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കേണ്ടത് എന്നാണ് ചാണക്യന്‍ വ്യക്തമാക്കുന്നത്. അതുപോലെ സാധാരണക്കാരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലളിത മാര്‍ഗത്തിലൂടെ  കൂടുതല്‍  നികുതി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറും മൂന്ന് കോടി ജനങ്ങള്‍ മാത്രമെ നികുതി കൊടുക്കുന്നുള്ളു എന്നതാണ് വാസ്തവം. മൊത്തം നികുതി വരുമാനം ഇന്ത്യന്‍ ജിഡിപിയുടെ രണ്ടര ശതമാനം മാത്രമെ വരുന്നുള്ളൂ എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു കോടിക്കു മീതെ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം ഒന്നര ലക്ഷം മാത്രമാണെന്നത് ഇന്ത്യന്‍ നികുതി സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. പത്ത് ലക്ഷത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളില്‍ 80 ശതമാനവും ഒന്നുകില്‍ നഷ്ടത്തിലായവയും അല്ലെങ്കില്‍ അല്‍പ വരുമാനത്തിന്റെ ഉടമകളുമാണ്. വര്‍ഷങ്ങളായി ഇവിടെ നില നില്‍ക്കുന്ന നികുതി പിരിവിലെ ഈ ദുസ്ഥിതിയില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാനുള്ള ഒരു ശ്രമമാണ്  ധനമന്ത്രി തന്റെ രണ്ടാമത്തെ ബജറ്റില്‍ നടത്തിയിരിക്കുന്നത് അവസാനിച്ചു. (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രഫസറും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ HIL INDIA LIMITED ന്റെ മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.