ജൈവകീടനാശിനികള്‍ തയാറാക്കുന്ന വിധം

Wednesday 1 January 2020 6:02 am IST

കീടങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് സസ്യഭാഗങ്ങളുടെ രുചി, ഗന്ധം നിറം എന്നിവ കാരണമാണ്. അതിനാല്‍ തന്നെ കീടങ്ങളെ അകറ്റുന്ന വിധത്തില്‍ രുചിയും ഗന്ധവും നിറവുമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികള്‍ നിര്‍മ്മിക്കാം. തീക്ഷ്ണ രുചിയും ഗന്ധവും ഉള്ള ധാരാളം സസ്യങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. വേപ്പ്, കാഞ്ഞിരം, കിരിയാത്ത് തുടങ്ങിയ ചെടികളുടെ ഇലകള്‍ക്ക് കയ്പ് രുചിയുള്ളതിനാല്‍ ഇവയുടെ സത്ത് തളിച്ച ഭാഗങ്ങളില്‍ കീടങ്ങള്‍ ആക്രമിക്കുന്നില്ല. വേപ്പിന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇലതീനിപ്പുഴുക്കള്‍ക്ക്, വിശപ്പുണ്ടെങ്കിലും ഭക്ഷണത്തോട് വിരക്തി തോന്നുന്നതിനാല്‍ അവ പട്ടിണി കിടന്ന് ചാകുന്നു. കാന്താരിമുളക്, ഉള്ളി, വെളുത്തുള്ളി മുതലായവയുടെ എരുവ് കീടങ്ങളെ അകറ്റുന്നു.

ചില സസ്യങ്ങളുടെ ഗന്ധം കാരണം കീടങ്ങള്‍ക്ക് അവയുടെ അതിഥി സസ്യങ്ങളുടെ സ്വതസിദ്ധമായ ഗന്ധം പിടിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നു. നാറ്റപ്പൂ (കൊങ്കിണിപ്പൂ), ചെണ്ടുമല്ലി, കായം, തുളസി, മുതലായവ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.

നിറത്താല്‍ ആകൃഷ്ടരാകുന്ന പ്രാണികളെ അകറ്റാന്‍ നിറമുള്ള പൂക്കള്‍ തരുന്ന സസ്യങ്ങള്‍ പ്രയോജനപ്പെടുത്താം. സംരക്ഷിക്കപ്പെടേണ്ട ചെടികളുടെ ചുറ്റുമായി ഇത്തരം ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് ഒരുപാധിയാണ്. ഒരേതരം പച്ചക്കറി ഒന്നിച്ച് നടുന്നതിന് പകരം വ്യത്യസ്ഥ തരത്തിലുള്ളവ ഇടകലര്‍ത്തി നടുന്നതായാല്‍ കീടശല്യം കുറയുന്നുണ്ട്. 

വിളക്കുകെണി ഉപയോഗിച്ച് രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം. മഞ്ഞനിറമുള്ള തകിടിലോ കാര്‍ഡ് ബോര്ഡിലോ ആവണക്കെണ്ണയോ ഗ്രീസ് പോലുള്ള പറ്റിപ്പിടിക്കുന്ന വസ്തുക്കളോ തേച്ച് അവിടവിടെ തൂക്കിയിടുന്നതും പ്രാണി നശീകരണത്തിന് അവലംബിക്കാവുന്ന മാര്‍ഗ്ഗമാണ്. ചാണകവും ഗോമൂത്രവും കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം. നശീകരണ ശക്തിയുള്ള വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഇവയിലടങ്ങിയിരിക്കുന്നു. കീട ബാധയേല്‍ക്കാന്‍ സാദ്ധ്യതയുള്ള പ്രതലങ്ങളെ ചാണകം അനാകര്‍ഷകമാക്കുന്നു. കീടങ്ങളുടെ ഗന്ധശേഷിയെ താറുമാറാക്കുകയും, അവയുടെ ദഹനേന്ദ്രീയത്തെ വിഷമയമാക്കുകയും ചെയ്യുന്നു.

ഗോമൂത്രത്തിന് കുമിളുകളെയും നശീകരണ ശക്തിയുള്ള വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ സാധിക്കും. ഇതിലടങ്ങിയ ഹാലോജനേറ്റഡ് ഫീനോള്‍ 2-ഫ്രീനൈല്‍ ഫീനോള്‍, കാര്‍ബോളിക്ക് ആസിഡ് മുതലായവയാണ് ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. കഞ്ഞിവെള്ളം നേര്‍പ്പിച്ചത് തളിച്ചാല്‍ ചില ശല്‍ക്ക കീടങ്ങളെ നിയന്ത്രിക്കാനാകും. കഞ്ഞിപ്പശ ഒട്ടിപ്പിടിച്ച് അവയുടെ സഞ്ചാരം തടയുന്നു.

ജൈവരീതിയില്‍ കീടനിയന്ത്രണത്തിന് മേല്‍ ചേര്‍ത്ത തത്വങ്ങള്‍ പ്രായോഗികമാക്കിയാല്‍ മതി. കീടങ്ങളെ അകറ്റുന്ന തരത്തിലുള്ള ഇലകളും മറ്റു ജൈവവസ്തുക്കളും ചേര്‍ത്ത് പ്രയോഗിക്കാവുന്നതാണ്. പശുക്കള്‍ തിന്നാത്ത ആടലോടകം, നൊച്ചി, പാല്‍ വരുന്ന തരത്തിലുള്ള എരുക്ക്, ഉമ്മം, പ്ലാവ് മുതലായവയുടേയും കയ്പുള്ള വേപ്പ്, കാഞ്ഞിരം, കറ്റാര്‍വാഴ മുതലായവയുടേയും ഉപ്പ് രുചിയുള്ള കാട്ടാവണക്ക്, ആത്ത മുതലായവയുടെയും കമ്മ്യൂണിസ്റ്റ് പച്ച, പപ്പായ, ആവണക്ക്, മാവ്, ഇഞ്ചിപ്പുല്ല്, കുരുമുളക്, ഇഞ്ചി, അയമോദകം, തുളസി, കര്‍പ്പൂരച്ചെടി, ഉങ്ങ്, കൂവളം, ചെണ്ടുമല്ലി, മുരിങ്ങ, ചെമ്പരത്തി, മഞ്ഞള്‍, വയമ്പ്, വേങ്ങ, ഒടുക്, കാട്ടപ്പ, നാരകം, അരളി മുതലായവയുടെയും മൃദുകാണ്ഡങ്ങള്‍ എന്നിവക്കൊപ്പം കാന്താരി, വെളുത്തുള്ളി ചേര്‍ത്ത് 40 ദിവസത്തോളം തണലില്‍ വെച്ച് പുളിപ്പിക്കണം. ദിവസവും ഈ മിശ്രിതം രണ്ടുനേരം നന്നായി ഇളക്കണം. മേല്‍പറഞ്ഞവയില്‍ ലഭ്യമായ 10 വിവിധതരം ഇലകള്‍ കൊണ്ട് ഇലക്കഷായങ്ങള്‍ ഉണ്ടാക്കി പ്രയോഗിക്കാവുന്നതാണ്. പ്രയോഗിക്കുന്ന സമയത്ത് കഞ്ഞിവെള്ളവും കൂടി അപ്പപ്പോള്‍ ചേര്‍ത്ത് നേര്‍പ്പിച്ച് വിളകളില്‍ തളിച്ചാല്‍ നല്ല ഫലം കിട്ടുമത്രെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.