ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു

Wednesday 20 November 2019 10:41 am IST

കണ്ണൂര്‍: പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്‍സ് കളര്‍ അവാര്‍ഡ്. 

രാവിലെ എട്ടു മണിക്ക് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിലാണ് അവാര്‍ഡ് ദാനചടങ്ങ്. ചടങ്ങിന് ശേഷം നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രാഷട്രപതി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചടങ്ങില്‍ പങ്കെടുക്കാനായി വ്യോമസേനാ വിമാനത്തില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നരയോടെ രാഷ്ട്രപതി ദല്‍ഹിക്ക് മടങ്ങും.

ഇന്നലെ വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്, ഡിഎസ്‌സി കമാന്‍ഡന്റ് കേണല്‍ പുഷ്‌പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, കിയാല്‍ എംഡി വി. തുളസീദാസ് എന്നിവരും രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

തുടര്‍ന്ന് 4.40ഓടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക് പോയി. 5.05ഓടെ ഏഴിമല നാവിക അക്കാദമി ഹെലിപ്പാഡിലിറങ്ങി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡന്റ് ഫഌഗ് ഓഫീസര്‍ കമാന്റിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.കെ. ചൗള, ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, സി. കൃഷ്ണന്‍ എംഎല്‍എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ നാവിക അക്കാദമിയില്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.