മഹാരാഷ്ട്രയില്‍ ഇനി രാഷ്ട്രപതി ഭരണം; ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ച് രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു; കാലാവധി ആറുമാസം

Tuesday 12 November 2019 7:10 pm IST

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനത്തില്‍ ഒപ്പുവച്ചത്. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടെ, ബിജെപി, ശിവസേന, എന്‍സിപി എന്നിവയിലാര്‍ക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തുടര്‍നടപടികളിലേക്കു കടക്കാം.

ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയാണ് ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. മൂന്ന് പ്രധാനകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴുള്ള സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് ഏട്ടര വരെ എന്‍സിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സമയം ബാക്കിനില്‍ക്കെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ രൂപീകരണം നടക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2:15നാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിക്കായി പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാല്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത് മൂലം പ്രധാനമന്ത്രിയുടെ യാത്ര വൈകി. രാഷ്ട്രപതി ഭരണത്തിന് തീരുമാനമെടുത്തെന്നും ഇതിനുള്ള ശുപാര്‍ശ ഉടന്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.