രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം, അവാര്‍ഡ് കൂടുതലും കശ്മീരിന്

Saturday 25 January 2020 4:39 pm IST

ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പത്ത് പോലീസുകാരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നേടിയത്. രണ്ട് പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. 

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണല്‍ എസ്പി ടി.വി. ജോയ് എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 2011 ലും വിശിഷ്ടസേവനത്തിന് ടി.വി. ജോയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സത്യം കമ്പ്യൂട്ടര്‍ കേസ്, തെല്‍ഗി വ്യാജ മുദ്രപ്പത്ര കേസ്, റെയില്‍വേ റിക്രൂട്ട്മെന്റ് അഴിമതി, ബെല്ലാരിയിലെ അനധികൃത ഖനനം, വ്യാപം അഴിമതി എന്നീ കേസുകള്‍ ടി.വി. ജോയിയാണ് അന്വേഷിച്ചിട്ടുള്ളത്. 

പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. മധുസൂദനന്‍, ചങ്ങാനാശേരി ഡെപ്യൂട്ടി സൂപ്രണ്ടന്റ് എസ്. സുരേഷ് കുമാര്‍, കേരള ക്രൈംബ്രാഞ്ച് എഎസ്ഐ പി. രാഗേഷ്, തൃശൂര്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്ഐ കെ. സന്തോഷ് കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി എന്‍. രാജന്‍, ആലപ്പുഴ വിജിലന്‍സിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഭുവനേന്ദ്ര ദാസ്, കണ്ണൂര്‍ ട്രാഫിക്കിലെ എഎസ്ഐ കെ. മനോജ് കുമാര്‍, തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ എസ്പിയും അസിസന്റന്റ് ഡയറക്ടര്‍ കെ. മനോജ് കുമാര്‍, തൃശൂര്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് സി.വി. പാപ്പച്ചന്‍, തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് എല്‍. ശലമോന്‍ എന്നിവരാണ് കേരള പോലീസില്‍ നിന്നു മെഡലിന് അര്‍ഹരായവര്‍.

പുരസ്‌കാര പ്രഖ്യാപനത്തില്‍ കൂടുതലും ജമ്മു കശ്മീരിനാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ രണ്ട് മെഡലുകളും, മൂന്ന് പോലീസ് മെഡലും, ധീരതയ്ക്കുള്ള 105 മെഡലുകളുമാണ് ജമ്മു കശ്മീരിന് ലഭിച്ചിരിക്കുന്നത്.

അര്‍ധ സൈനിക വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് സിആര്‍പിഎഫിനാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളില്‍ ഒന്നും, ധീരതയ്ക്കുള്ള പോലീസ് മെഡലുകളില്‍ 75ഉം, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ആറും സ്തുത്യര്‍ഹ സേവനത്തിന് 56 മെഡലുകളും സിആര്‍പിഎഫ് ആണ് നേടിയിരിക്കുന്നത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.