ജയില്‍വക സൗജന്യ ഭക്ഷണം; 'ഷെയര്‍മീല്‍' പദ്ധതിക്ക് തുടക്കമായി, സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇനി 'കണ്ണൂര്‍ കിണ്ണത്തപ്പ'വും ചെടിച്ചട്ടിയും വാങ്ങാം

Wednesday 9 October 2019 12:47 pm IST

കണ്ണൂര്‍: ഫ്രീഡം ചപ്പാത്തിയും ചിപ്‌സും ബ്യൂട്ടിപാര്‍ലറുമായി വിജയഗാഥ രചിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ മറ്റൊരു കര്‍മപദ്ധതിക്ക് കൂടി തുടക്കമിടുന്നു. ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനമാണ് നടത്താനുദ്ദേശിക്കുന്നത്. വിശക്കുന്ന ഒരാള്‍ക്ക് ഒരുനേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ആരുമറിയാതെ ആഹാരം കൊടുക്കാനുള്ള പദ്ധതിക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഒപ്പം വിശക്കുന്ന ആര്‍ക്കും ജയില്‍ പരിസരത്തെത്തി അത് സൗജന്യമായി കഴിക്കാനുള്ള സംവിധാനവും ആരംഭിച്ചു.

ജയില്‍വകുപ്പ് ആവിഷ്‌കരിച്ച 'ഷെയര്‍മീല്‍' എന്ന പദ്ധതിപ്രകാരം വിശക്കുന്ന ആര്‍ക്കും കൂപ്പണ്‍ കാണിച്ചുകൊണ്ട് ജയില്‍ കൗണ്ടറില്‍ നിന്ന് ചപ്പാത്തിയും കറിയും വാങ്ങി കഴിക്കാം. കൗണ്ടറില്‍ ഭക്ഷണ കൂപ്പണ്‍ പിന്‍ ചെയ്തു വെച്ചിട്ടുണ്ടാവും. ആവശ്യക്കാര്‍ക്ക് ആ കൂപ്പണെടുത്ത് കൗണ്ടറില്‍ കൊടുത്താല്‍ ഭക്ഷണ പാക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പദ്ധതിയില്‍ ഭക്ഷണം നല്‍കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഒരു നേരത്തെ ആഹാരത്തിന്റെ പണം കൗണ്ടറില്‍ നല്‍കുക. ജയില്‍ അധികൃതര്‍ ഒരു കൂപ്പണ്‍ ബോര്‍ഡില്‍ പിന്‍ ചെയ്യും. എത്ര കൂപ്പണ്‍ വേണമെങ്കിലും ഇതുപോലെ പണമടച്ചു വാങ്ങി പിന്‍ ചെയ്യാം. ആര് പണം നല്‍കിയെന്നോ ആര് കൂപ്പണ്‍ വാങ്ങി ഭക്ഷണം കഴിച്ചുവെന്നോ പുറത്തറിയില്ല. ജയിലിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്‍കുക. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയെന്ന നന്മ•നിറഞ്ഞ പ്രവൃത്തിക്കാണ് ജയില്‍വകുപ്പ് നേതൃത്വം നല്‍കുന്നത്. 

ചകിരിച്ചോറ് ഉപയോഗിച്ച് വളം നിര്‍മ്മിച്ച് വിപണനം ചെയ്യാനും പദ്ധതിയുളളതായി ജയിലധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ ജയിലിന് സമീപമുളള ജയില്‍ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പുതുതായി വിപണിയിലിറക്കിയ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും. സ്‌പെഷല്‍ സബ്ബ് ജയില്‍ വളപ്പിലെ കരനെല്‍ കൃഷിയുടെ കൊയ്ത്തും ഡിജിപി ഉദ്ഘാടനം ചെയ്തു. 'ഷെയര്‍മീല്‍' പദ്ധതിയുടെ ആദ്യ കൂപ്പണ്‍ 2500 രൂപ നല്‍കി പുതിയതെരുവിലെ വ്യാപാരിയും കൊളശ്ശേരി സ്വദേശിയുമായ യുഫ്‌സല്‍ റഹ്മാന്‍ ഋഷിരാജ്‌സിംഗില്‍ നിന്നും സ്വീകരിച്ച് ജയില്‍ കൗണ്ടറില്‍ ഏല്‍പ്പിച്ചു. ജയിലില്‍ നിന്നും ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്ന 'കണ്ണൂര്‍ കിണ്ണത്തപ്പ'ത്തിന്റെയും ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച ചെടിചട്ടികളുടേയും വിപണനോദ്ഘാടനവും നടന്നു. ഒരു കിലോ കിണ്ണത്തപ്പത്തിന് 120 രൂപയും സിമന്റില്‍ നിര്‍മ്മിച്ച ചെടിചട്ടിക്ക് 90 രൂപയുമാണ് വില.

ഇന്നലെ രാവിലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് കണ്ണൂര്‍ ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉത്തര മേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ചലചിത്ര ബാലതാര പുരസ്‌ക്കാരം ലഭിച്ച മാസ്റ്റര്‍ അഭിനന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ടി. ബാബുരാജന്‍ ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. പളളിക്കുന്ന് കൃഷിഭവന്‍ കൃഷ് ഓഫീസര്‍ സീമസഹദേവന്‍ ചെടിചട്ടി ഏറ്റുവാങ്ങി. ജില്ലാ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ സ്വാഗതവും അശി. സൂപ്രണ്ട് ടി.കെ. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. 

അതേസമയം കണ്ണൂര്‍ ജയിലില്‍ തുടങ്ങാനുദ്ദേശിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പദ്ധതി മാര്‍ക്കറ്റിങ് കമ്പനിയായ സൊമാറ്റോ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവെച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലും മറ്റും നിശ്ചിത പാക്കേജ് ജയില്‍ ഭക്ഷണമെത്തിക്കുന്നതാണ് പദ്ധതി. ഓണ്‍ലൈന്‍ വഴി ഭക്ഷണത്തിന് പണമടച്ച് ബുക്ക് ചെയ്യാം. ഫ്രൈഡ് റൈസ്, ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, ചപ്പാത്തി, ലഡു, കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള ഒരു പാക്കേജാണ് നല്‍കുക. 130 രൂപയായിരിക്കും ഈടാക്കുക. ആവശ്യക്കാര്‍ക്ക് ഏജന്‍സിയുടെ വിതരണക്കാര്‍ വീടുകളിലെത്തിക്കാനായിരുന്നു പദ്ധതി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.