'ആളുകള്‍ നിങ്ങളെപറ്റി ചര്‍ച്ചചെയ്യാന്‍ വേണ്ടി മോദിയേയും അമിത് ഷായെയും വിമര്‍ശിക്കരുത്'; അനുരാഗ് കശ്യപിനെയും ദീപിക പദുകോണിനെയും വിമര്‍ശിച്ച് പ്രിയദര്‍ശന്‍

Monday 20 January 2020 7:31 pm IST

കൊച്ചി: പൗരത്വ ഭേദഗതിക്കെതിരായ സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ലോകത്തെ എറ്റവും ശക്തിയുള്ള മാധ്യമമാണ് സിനിമ. സിനിമാ പ്രവര്‍ത്തകര്‍ സിനിമയിലുടെയാണ് പ്രതികരിക്കേണ്ടത്. പ്രതികരിക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിവേണം പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സന്ദര്‍ശിച്ച ദീപിക പദുകോണിനെ പ്രിയദര്‍ശന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'നിങ്ങള്‍ക്ക് പറയാനുള്ളത് സിനിമയിലൂടെ പറയൂ. രാജ്യത്തിന്റെ രാഷ്ട്രീയ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍ സൃഷ്ടിക്കൂ. നിങ്ങളെപ്പറ്റി ആളുകള്‍ സംസാരിക്കാന്‍ വേണ്ടി മാത്രം നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കരുത്. അത് സങ്കടകരമാണ്. വാര്‍ത്തകളില്‍ ഇടം നേടാന്‍ ഈ രണ്ട് പേരെയും വിമര്‍ശിച്ചാല്‍ മാത്രം മതിയെന്ന പ്രവണത സങ്കടകരമാണ്.' പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡ് സംവിധായകന്‍ കശ്യപിനെയും പ്രിയദര്‍ശന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നത്? രാജ്യത്തിന്റെ ചിന്താശേഷിയെ മാറ്റിമറിക്കാന്‍ കെല്‍പുള്ള ലോകത്തിലെ തന്നെ ഏറ്റവും ശക്തിയുള്ള മാധ്യമങ്ങളില്‍ പെട്ട സിനിമ അദ്ദേഹത്തിനുണ്ട്. സര്‍ക്കാരിനെ സിനിമയിലൂടെ വിമര്‍ശിക്കുന്നതിനു പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്. അദ്ദേഹം സൃഷ്ടിക്കുന്ന സിനിമകള്‍ പലരും ചിന്തിക്കുന്നത് റിയലസ്റ്റിക് ആണെന്നാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്. അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ വായടയ്ക്കണം. പ്രതിഷേധം എല്ലാവരുടെയും മൗലികാവകാശമാണ്. പക്ഷേ, അമിത് ഷാക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും തുറന്നടിക്കുന്നത് ഈ മൗലികാവകാശത്തിന്റെ ദുരുപയോഗമാണ്.'- പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.