സൈബര്‍ മേഖലയില്‍ 3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവ്; പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യം ലഭിച്ചാല്‍ സാഹചര്യം അതിജീവിക്കാമെന്ന് യുഎസ് വിദഗ്ധന്‍

Wednesday 18 December 2019 8:08 pm IST
ആഗോളവും വ്യാപകവുമാണ് സൈബര്‍ ആക്രമണങ്ങള്‍. സൈബര്‍ ആക്രമണകാരികള്‍ അതിര്‍ത്തികള്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഏകീകൃത സുരക്ഷാസമീപനം സൃഷ്ടിക്കേണ്ടതുണ്ട്. നെറ്റ്വര്‍ക്കുകളില്‍ സുരക്ഷ ഉറപ്പാക്കണം.

തിരുവനന്തപുരം: ആഗോളതലത്തിലെ സൈബര്‍ മേഖലയില്‍  3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവുണ്ടെന്നും പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യത്തെ അതിജീവിക്കാനാകുമെന്നും അമേരിക്കയിലെ സിസ്‌കോ സിസ്റ്റംസ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇന്നൊവേഷന്‍ ഓഫീസറുമായ ഡോ.ഗൈ ഡൈഡ്രിച്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്‍ഡ് നെറ്റ്വര്‍ക്ക് കമ്യൂണിക്കേഷന്‍സില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനമായ 'കൊകൊനെറ്റ്19' ന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ എഴുപതുശതമാനം സൈബര്‍ ട്രാഫിക്കും കൈകാര്യം ചെയ്യുന്നത് സിസ്‌കോയാണ്.  20 ബില്യണ്‍ സൈബര്‍ ആക്രമണങ്ങളെയാണ് തങ്ങള്‍ പ്രതിദിനം ഇല്ലാതാക്കുന്നതെന്നും  അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണല്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 വരെ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ പുതിയ ക്യാമ്പസില്‍ നടക്കുന്ന  സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആഗോളവും വ്യാപകവുമാണ് സൈബര്‍ ആക്രമണങ്ങള്‍. സൈബര്‍ ആക്രമണകാരികള്‍ അതിര്‍ത്തികള്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഏകീകൃത സുരക്ഷാസമീപനം സൃഷ്ടിക്കേണ്ടതുണ്ട്. നെറ്റ്വര്‍ക്കുകളില്‍ സുരക്ഷ ഉറപ്പാക്കണം. 32 രാജ്യങ്ങളിലെ ആക്‌സിലറേഷന്‍ ഡിജിറ്റല്‍ പ്രോഗ്രാമിലൂടെ സുരക്ഷയ്ക്കും ലഭ്യതയ്ക്കുമുള്ള ആഗോളശൃംഖല രൂപപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍  വികസിച്ചുവരുന്ന വിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ നൈപുണ്യ സമാഹരണത്തിലാണ് ഇന്ത്യയുടെ പങ്കെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വികസിച്ചുവരുന്ന 'ഇന്‍ഡസ്ട്രി 4.0' വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്ക് ആഗോള തലത്തിലെ  മനുഷ്യരാശിയെ നയിക്കാനുള്ള ശരിയായ കഴിവും നൈപുണ്യവും നമുക്കുണ്ടെന്ന് ഉറപ്പാക്കാനാണ് ഐഐഐടിഎം-കെയുടേയും  കേരളത്തിന്റേയും  പരിശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐടി മേഖലയിലും വിദ്യാഭ്യാസത്തിലുമുള്ള നവീന പ്രവണതകള്‍ മനസ്സിലാക്കുന്നതിനുള്ള മികച്ച വേദിയാണ് സമ്മേളനമെന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.  ഭാവി ഗവേഷണങ്ങള്‍ക്കും അവസരത്തിനും ഇത് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ  കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രൊഫസര്‍ രാജ് ജെയിന്‍, റോള്‍ ബെയ്‌സ്ഡ് അക്‌സസ് കണ്‍ട്രോള്‍ ഉപജ്ഞാതാവും  ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈബര്‍ സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് സയന്റിസ്റ്റുമായ പ്രൊഫസര്‍ രവി സന്ധു, ഐഐഐടിഎം-കെ പ്രൊഫസര്‍മാരായ സാബു എം തമ്പി, ഡോ. എലിസബത്ത് ഷെര്‍ളി എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.