'കര്‍ത്താവിന്റെ നാമത്തില്‍': സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി കന്യാസ്ത്രീകളുടെ പ്രകടനം; പിന്നില്‍ സഭയെന്ന് ലൂസി

Thursday 5 December 2019 5:18 pm IST

വയനാട്: 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സിസ്റ്റര്‍ ലൂസിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിക്കൊണ്ട് പ്രകടനം. വയനാടിലെ കാരയ്ക്കാമല മഠത്തിലേക്കായിരുന്നു സഭാ വിശ്വാസികള്‍ എന്ന പേരില്‍ നാല്പതിലധികം പേര്‍ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ മഠത്തിന്റെ ഗേറ്റിന്റെ മുന്നിലായി സിസ്റ്റര്‍ ലൂസിയുടെ കോലം കത്തിക്കുകയും ചെയ്തു.

പ്രകടനത്തില്‍ മഠത്തിലെ തന്നെ കന്യാസ്ത്രീകള്‍ പങ്കെടുത്തുവെന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. മഠത്തിന് മുന്നിലൂടെനടത്തിയ പ്രതിഷേധ പ്രകടനം സഭതന്നെ ആസൂത്രണം ചെയ്തതാണെന്ന് ലൂസിയ പറഞ്ഞു. ഭയപ്പെട്ട്  മാറുന്നേല്‍ മാറട്ടെ എന്ന് കരുതിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്, തനിക്കെതിരെ സഭ ബ്രെയിന്‍ വാഷിംഗ് സമ്മേളനം വിളിച്ച് ചേര്‍ത്ത ശേഷമാണ് ഇതൊക്കെ സംഭവിച്ചതെന്ന് കൂട്ടിച്ചേര്‍ത്ത അവര്‍ പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്നും പിന്മാറില്ലായെന്നും വ്യക്തമാക്കി.

'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്എംഐ കന്യാസ്ത്രീ സഭാംഗമായ ലിസിയ ജോസഫ് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും മാനക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പുസ്തകം എഴുതിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. "പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്ന് ഞാന്‍ കരുതുന്നു..'' എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എം.കെ രാമദാസ് എന്ന മാധ്യമ പ്രവര്‍ത്തകനാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.