ഇത് എന്റെ പുനര്‍ജന്മം

Sunday 15 September 2019 1:14 pm IST
ഇന്ന് കാണുന്നത് തീര്‍ച്ചയായും ഒരു തിരിച്ചുപോക്കാണ്. എന്റെ അഭിപ്രായത്തില്‍ ഭൗതിക സുഖത്തിനുവേണ്ടതെല്ലാം നേടിയെങ്കിലും മനുഷ്യന്‍ സന്തോഷവാനല്ല. അവന്റെ മനസ്സ് ഇന്നും അസംതൃപ്തമാണ്. പണംകൊണ്ട് നേടാന്‍ കഴിയാത്തതാണ് പരമാനന്ദമെന്ന് അവന്‍ മനസ്സിലാക്കി വരുന്നു. ഇത് നേടുവാനുള്ള വഴി ഗീതയിലും മറ്റും പറഞ്ഞിട്ടുള്ളതിനാല്‍ അവന്‍ അവിടേക്ക് തിരിയുന്നു. ധ്യാനത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ഇളകുന്ന മനസ്സിനെ ശാന്തമാക്കാന്‍വേണ്ടി ആത്മാവിനെ തിരിച്ചറിയുന്നതാണ് ധ്യാനം. പുരാണകാലത്തുപോലും ധ്യാനം അഥവാ യോഗ ഉണ്ടായിരുന്നു. സാംഖ്യദര്‍ശനത്തില്‍ ധ്യാനമുണ്ട്. യോഗദര്‍ശനം എന്നതും യഥാര്‍ത്ഥത്തില്‍ സാംഖ്യദര്‍ശനം ആണ്. യോഗയെ ശാരീരിക അഭ്യാസം മാത്രമായി ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. മറ്റു ചിലര്‍ ഈശ്വരാരാധനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കരുതുന്നു. ഇത് രണ്ടും ശരിയല്ല. വിശ്വാസം യോഗയിലാണ് വേണ്ടത്. ഈശ്വരവിശ്വാസം ഇല്ലാത്തവര്‍ക്കും യോഗ അഭ്യസിക്കാം. ധ്യാനം എന്നത് മാനസിക വികസനമാണ്. ധ്യാനത്തിലൂടെ മനസ്സിന്റെ വിഹ്വലതകള്‍ മാറ്റി ഏകാഗ്രതയില്‍ എത്തിക്കും. അങ്ങിനെ യോഗ പരിശീലിച്ച് പരിസമാപ്തിയില്‍ എത്തുമ്പോള്‍ അറിയാതെ ആ വ്യക്തി ഒരു വിശ്വാസിയാകും എന്നത് മറ്റൊരു കാര്യം

ശ്രീ എം എന്നറിയപ്പെടുന്ന ആത്മീയ യോഗിയുടെ ജനനം 1949 നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തില്‍ ആയിരുന്നു. മുംതാസ് അലി ഖാന്‍ എന്നായിരുന്നു ആദ്യത്തെ പേര്. മധുകര്‍ നാഥ്ജി എന്നും അറിയപ്പെടുന്നു. മഹാവതാര്‍ ബാബാജിയുടെ ശിഷ്യനായ മഹേശ്വര്‍ നാഥ് ബാബാജിയുടെ ശിഷ്യനാണ് ശ്രീ എം.       

കുട്ടിക്കാലത്തുതന്നെ ആദ്ധ്യാത്മികതയോട് ആകര്‍ഷണം തോന്നിയ ശ്രീ എം 19 വയസ്സു കഴിഞ്ഞപ്പോള്‍ ഹിമാലയത്തോടും ഒരു സന്യാസിയോടും ആ കൃഷ്ടനായി വീടുവിട്ടിറങ്ങി. ഹിമാലയത്തില്‍ തന്റെ ഗുരുനാഥനെ കണ്ടെത്തുകയും, അദ്ദേഹത്തോടൊപ്പം മൂന്നു വര്‍ഷത്തിലേറെ ഹിമാലയസാനുക്കളില്‍ അലഞ്ഞുനടക്കുകയും ചെയ്തു. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഗുരുവിന്റെ നിര്‍ദ്ദേശം സ്വീകരിച്ചു. ഹിമാലയത്തില്‍ നിന്ന് മടങ്ങിയെത്തി ഭാരതമൊട്ടുക്ക് യാത്രചെയ്ത് പല സന്ന്യാസി ശ്രേഷ്ഠന്മാരേയും  കണ്ടു. ശ്രീരാമകൃഷ്ണമിഷന്‍, കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ കുറേക്കാലം  കഴിഞ്ഞു. ഇക്കാലത്ത് തന്റെ ഭാവി വധുവായ സുനന്ദയെ കണ്ടുമുട്ടി. പിന്നീട് വിവാഹിതരായ ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. 

ഗുരുവിന്റെ നിര്യാണത്തിനുശേഷമാണ് പ്രഭാഷണ രംഗത്തേക്കു കടക്കുന്നത്. ഇന്ന് ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍ താമസിക്കുന്ന ശ്രീ എം ആരംഭിച്ച സത്സംഗ് ഫൗണ്ടേഷനുകീഴില്‍ പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീഎമ്മിനെക്കുറിച്ച് നിര്‍മിച്ച 'ഠവല ാീറലൃി ങേ്യെശര ടൃശ ങ ീള  ങമറമിമുമഹഹല' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് രാജാ ചൗധരിയാണ്. 2015-ല്‍ ശ്രീ എം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 7500 കിലോമീറ്റര്‍ പദയാത്ര നടത്തുകയുണ്ടായി. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് ആരംഭിച്ച 'വാക്ക് ഓഫ് ഹോപ്പ്' എന്ന പദയാത്ര 2016 ഏപ്രില്‍ 29ന് കശ്മീരില്‍ അവസാനിച്ചു. വായനക്കാരുടെ ഹൃദയം കവര്‍ന്ന ഏഴില്‍ അധികം പുസ്തകങ്ങളുടെ രചയിതാവായ ശ്രീ എമ്മുമായുള്ള അഭിമുഖം. 

 ഹിന്ദു ആദ്ധ്യാത്മികതയുടെ- ഉപനിഷത്തുക്കളും വേദങ്ങളും ഉള്‍പ്പെട്ടവ - പ്രാധാന്യം എങ്ങനെയാണ് ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിഞ്ഞത്? 

ഹിന്ദു ആധ്യാത്മികതയുടെ  മഹത്വം തിരിച്ചറിയാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ഞാന്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. ഇന്നു കാണുന്ന ഓരോ ജീവജാലവും പല ജന്മങ്ങളിലൂടെ കടന്നുവന്നതാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. മനുഷ്യനും അതിലുള്‍പ്പെടുന്നു. മനുഷ്യന്‍ പുനര്‍ജനിക്കുന്നത് പല ജാതി-മത-ലിംഗങ്ങളില്‍ ആണെങ്കിലും ആത്മാവിന് ആ വിധത്തിലുള്ള യാതൊരു വ്യത്യാസവുമില്ല. ജാതിയോ മതമോ സ്ത്രീ-പുരുഷ വ്യത്യാസമോ ആത്മാവിനില്ല എന്ന സത്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു. മുസ്ലിം സമുദായത്തില്‍ പുരുഷനായാണ് എന്റെ ഈ ജന്മം എങ്കിലും എന്റെ മുന്‍പുള്ള ജന്മങ്ങള്‍ ഇതേ സമുദായത്തിലെ പുരുഷനായിട്ട് ആയിരുന്നില്ല. മുന്‍പ് ഹൈന്ദവ വിശ്വാസമുള്ള ഒരു ശരീരത്തില്‍ ആയിരിക്കാം എന്റെ ഈ ആത്മാവ് കൂടികൊണ്ടിരുന്നത്. അതിന്റെ ബാക്കിപത്രം ആയതുകൊണ്ടാകാം ഹിന്ദു ആത്മീയതയുടെ മഹത്വം തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നത്.  

മറ്റൊന്ന് എന്റെ മാതാപിതാക്കള്‍ ഒട്ടും യാഥാസ്ഥിതികര്‍ ആയിരുന്നില്ല എന്നതാണ്. എന്റെ അച്ഛന്‍ മഹാരാജാസ് കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദമെടുത്തു. മലയാളവും സംസ്‌കൃതവും അനുബന്ധ വിഷയങ്ങളാക്കി സംസ്‌കൃത പഠനത്തിലൂടെ പല അറിവുകളും നേടാന്‍ കഴിഞ്ഞയാളാണ്. ഗായത്രിമന്ത്രം വിവരിക്കുന്ന ഒരു പുസ്തകം- സ്വാമി ചിന്മയാനന്ദന്റെ 'ജപയോഗ ആന്‍ഡ് ഗായത്രി' - അച്ഛന്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഞാന്‍ ആദ്യമായി വായിക്കുന്ന ഹിന്ദു ആധ്യാത്മിക ഗ്രന്ഥം. എന്റെ മാതാപിതാക്കള്‍ യാഥാസ്ഥിതികര്‍ അല്ലാതിരുന്നതിനാല്‍ എന്റെ വായനയേയും ചിന്താഗതിയേയും  ഒട്ടും എതിര്‍ത്തില്ല. 

എടുത്തുപറയേണ്ട ഒരു കാര്യമായിരുന്നു തിരുവനന്തപുരത്തെ എന്റെ ബാല്യകാലം. അന്ന് വേദാന്തികളെയും സ്വാമികളെയും ചെന്നുകാണുന്നതിന് എനിക്ക് ഏറെ അവസരം ലഭിച്ചിരുന്നു. അതെല്ലാം ഞാന്‍ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ട്യൂഷന് പോയിരുന്ന വീട്ടില്‍ കണ്ട യോഗി ഗോപാലസ്വാമി- ഗോപാലപിള്ള സ്വാമി- 10 വയസ്സുള്ള എന്നെ അനുഗ്രഹിച്ചു. അക്കാലത്ത് അദ്ദേഹം സത്സംഗം നടത്തിയിരുന്നത് ശുദ്ധ വേദാന്തത്തില്‍ ആയിരുന്നു. അന്ന് എനിക്ക് അത് അറിയില്ലായിരുന്നു. ഇത്തരം അനുഭവങ്ങളും അനുഗ്രഹങ്ങളും തീര്‍ച്ചയായും എന്നിലെ ആധ്യാത്മിക ദാഹിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാലും ഏറ്റവും പ്രധാനമായി തോന്നുന്നത് ഒന്‍പതാമത്തെ വയസ്സില്‍ ഞാന്‍ ആദ്യമായി കണ്ട ബാബാജിയുടെ-എന്റെ ഗുരു-ദര്‍ശനം ആണെന്നാണ്.              

 ഇന്ന് നമുക്ക് ശ്രീശ്രീ രവിശങ്കര്‍, അമൃതാനന്ദമയീ ദേവി  തുടങ്ങിയ ആത്മീയ ഗുരുക്കന്മാര്‍ ഉണ്ട്. സത്യസായിബാബ പോലുള്ളവര്‍ കടന്നുപോവുകയും ചെയ്തു. ഇവരിലൂടെ എത്രമാത്രം ആത്മീയത പ്രചരിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്? 

 ഇവരെല്ലാം സംന്യാസം  സ്വീകരിച്ച്   ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നവരാണ്. സാധാരണയായി ആളുകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ്  ഇവരെ  സമീപിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ ഇതില്‍പ്പെടുന്ന വ്യക്തിയല്ല, ഒരു ഗൃഹസ്ഥനാണ്. ഒരു യോഗി ആണെങ്കിലും  എന്റെ ഗുരുവായ ബാബാജിയുടെ നിര്‍ദ്ദേശാനുസരണമാണ് ഞാന്‍ വിവാഹ ജീവിതം സ്വീകരിച്ചത്. ഈ ലോകത്തെക്കുറിച്ചും, ഇതിനപ്പുറമുള്ള സത്യത്തെക്കുറിച്ചും  ജനങ്ങളെ അറിയിക്കുക എന്നതാണ് എനിക്ക് ലഭിച്ച നിര്‍ദ്ദേശം. ഈ സത്യത്തിന്റെ സത്താണ്  ഉപനിഷത്തും ഗീതയും എല്ലാം. സാധാരണഗതിയില്‍ ഉപനിഷത്തൊന്നും ആരും വായിക്കാറില്ല. തനിക്ക് അപ്രാപ്യമായ എന്തോ ആണ് അതെന്ന് കരുതുന്നവരാണ് കൂടുതലും. അതിനാല്‍ അവര്‍ക്കു മനസ്സിലാവുന്ന വിധത്തില്‍ ഇതു പറഞ്ഞുകൊടുക്കുവാനാണ് എനിക്ക് ബാബാജി നല്‍കിയ ഉപദേശം. 

 മുന്‍പ് ഈശ്വര വിശ്വാസം വളരെ ശക്തമായിരുന്നു. പിന്നീട് നിരീശ്വരവാദത്തിന് വേരുപിടിച്ചു തുടങ്ങി. പക്ഷേ ഇന്ന് അതില്‍നിന്ന് ഒരു തിരിച്ചുപോക്കല്ലേ കാണുന്നത്? 

ഇന്ന് കാണുന്നത് തീര്‍ച്ചയായും ഒരു തിരിച്ചുപോക്കാണ്. എന്റെ അഭിപ്രായത്തില്‍ ഭൗതിക സുഖത്തിനുവേണ്ടതെല്ലാം നേടിയെങ്കിലും മനുഷ്യന്‍ സന്തോഷവാനല്ല. അവന്റെ മനസ്സ് ഇന്നും അസംതൃപ്തമാണ്. പണംകൊണ്ട് നേടാന്‍ കഴിയാത്തതാണ് പരമാനന്ദമെന്ന് അവന്‍  മനസ്സിലാക്കി വരുന്നു. ഇത് നേടുവാനുള്ള വഴി ഗീതയിലും മറ്റും പറഞ്ഞിട്ടുള്ളതിനാല്‍ അവന്‍ അവിടേക്ക് തിരിയുന്നു. ധ്യാനത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ഇളകുന്ന മനസ്സിനെ  ശാന്തമാക്കാന്‍വേണ്ടി ആത്മാവിനെ തിരിച്ചറിയുന്നതാണ് ധ്യാനം. പുരാണ കാലത്തുപോലും ധ്യാനം അഥവാ യോഗ ഉണ്ടായിരുന്നു. സാംഖ്യദര്‍ശനത്തില്‍ ധ്യാനമുണ്ട്. യോഗദര്‍ശനം എന്നതും യഥാര്‍ത്ഥത്തില്‍ സാംഖ്യദര്‍ശനം ആണ്. യോഗയെ ശാരീരിക അഭ്യാസം മാത്രമായി ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. മറ്റു ചിലര്‍ ഈശ്വരാരാധനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കരുതുന്നു. ഇത് രണ്ടും ശരിയല്ല. വിശ്വാസം യോഗയിലാണ് വേണ്ടത്. ഈശ്വരവിശ്വാസം ഇല്ലാത്തവര്‍ക്കും യോഗ അഭ്യസിക്കാം. ധ്യാനം എന്നത് മാനസിക വികസനമാണ്. ധ്യാനത്തിലൂടെ മനസ്സിന്റെ  വിഹ്വലതകള്‍ മാറ്റി  ഏകാഗ്രതയില്‍ എത്തിക്കും. അങ്ങിനെ യോഗ പരിശീലിച്ച് പരിസമാപ്തിയില്‍ എത്തുമ്പോള്‍ അറിയാതെ ആ വ്യക്തി ഒരു വിശ്വാസിയാകും എന്നത് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ചിന്താധാരകള്‍ ഉദയം ചെയ്തത് നമ്മുടെ ഭാരത സംസ്‌കാരത്തില്‍ മാത്രമാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ലോകത്തെ മറ്റൊരു മതവിഭാഗത്തിലും ധ്യാന രീതി ഉണ്ടായിരുന്നില്ല. വിദേശങ്ങളിലെ യുവജനങ്ങള്‍ ഇന്ന് ഇതേക്കുറിച്ച് പഠിക്കുന്നു. കൂടുതല്‍ അറിയാനായി അവരുടെ കണ്ണുകള്‍ നീളുന്നത് ഭാരതത്തിലേക്കാണ്.  ഋഷിമാര്‍ നമുക്ക് നല്‍കിയ വരദാനമാണ് ഈ അറിവുകള്‍. ഒരിക്കല്‍ വിജ്ഞാനത്തിന്റെ കലവറയായിരുന്ന ഭാരതത്തില്‍നിന്ന് ഇന്നത്തെ തലമുറ അറിവ് നേടാനായി വിദേശങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും, അധികം താമസിയാതെ വിദേശികള്‍ ജ്ഞാനപ്രാപ്തിക്കായി ഭാരതത്തിലേക്കു വരും എന്നതാണ് എന്റെ സ്വപ്‌നം. മുമ്പുണ്ടായിരുന്നതുപോലെ വിജ്ഞാനത്തിന്റെ നേതൃസ്ഥാനത്തേക്ക് ഭാരതം ഒരിക്കല്‍ക്കൂടി എത്തും എന്ന  എന്റെ സ്വപ്‌നം സഫലമാകുകതന്നെ ചെയ്യും. 

 ആത്മീയതയുടെ സഹായത്താല്‍ വരുംതലമുറയുടെ മനസ്സ് ശുദ്ധീകരിക്കാനും അവരിലെ പാരുഷ്യവും ക്രൂരതയും ഇല്ലാതാക്കാനും കഴിയില്ലേ? 

നമ്മുടെ സംസ്‌കാരം എന്തെന്ന് വരുംതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുത്ത് അതില്‍ അവര്‍ക്ക് അഭിമാനം ഉണ്ടാക്കണം. സ്വന്തം വീടുകളില്‍നിന്ന് നമ്മുടെ പാരമ്പര്യം, ജ്ഞാനമാര്‍ഗ്ഗം ഇവയെക്കുറിച്ചെല്ലാം മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണം. വിദ്യാലയങ്ങളിലും ഇവ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അത്തരം പഠനരീതികള്‍ ശീലിക്കുന്ന കുട്ടികളില്‍ പാരുഷ്യവും ക്രൂരതയും ഉണ്ടാവില്ല. അവരുടെ മനസ്സിനെ ശുദ്ധീകരിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. ഇതിനു സഹായകമാകുന്നതാണ് ശ്രേഷ്ഠ ഭാഷയായ നമ്മുടെ സംസ്‌കൃതം. പക്ഷേ ഇന്നും നമ്മള്‍ സംസ്‌കൃതത്തിന്റെ മാഹാത്മ്യം തിരിച്ചറിയുന്നില്ലെന്ന് വേദനയോടെ പറയേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍പ്പോലും അവരുടേതായ ഭാഷ നിലനില്‍ക്കെ സംസ്‌കൃതം പഠിപ്പിക്കുന്നത് അതിന്റെ മഹത്വംകൊണ്ടാണ്. സംസ്‌കൃതം പഠിച്ചതുകൊണ്ട് അവരാരും ഹിന്ദുക്കളായി മാറിയിട്ടില്ല. ഭാരതഭാഷയായ സംസ്‌കൃതത്തെ നമ്മുടെ രാഷ്ട്ര ഭാഷയാക്കണം എന്നാണ് എന്റെ അഭിപ്രായം.

 ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് ആത്മീയതയുടെ പ്രാധാന്യം എത്രമാത്രം ഉണ്ട്? 

ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് പാരമ്പര്യ സംസ്‌കാരം വലിയ പങ്കുവഹിക്കുന്നുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ആത്മീയ മൂല്യങ്ങളാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് ആത്മീയത ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഇതിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വികസനത്തിനും ഭാരതീയ ജനത അംഗീകാരം നല്‍കുകയുമില്ല. അതിനാല്‍ ആത്മീയതയില്‍ ഉറച്ചുനില്‍ക്കുന്ന  പുരോഗതിയിലൂടെയാണ് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നതും.

 അങ്ങ് ജനിച്ചത് മുസ്ലിം സമുദായത്തില്‍ ആണല്ലോ. എന്നാല്‍ അതിനെതിരായ ഒരു വിശ്വാസത്തിലേക്ക് നീങ്ങുമ്പോള്‍ കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ലേ? 

ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ സത്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, എന്റെ വിശ്വാസത്തിന് അനുസരിച്ചായിരുന്നു എന്റെ പ്രയാണം. അതുകൊണ്ടുതന്നെ ഈ പ്രയാണത്തിന് തടസ്സമാകാന്‍ ഒന്നിനും കഴിഞ്ഞില്ലെന്ന് പറയാം. ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ഞാന്‍ ഒരു യോഗിയായെങ്കിലും ഗുരു ബാബാജിയുടെ നിര്‍ദ്ദേശാനുസരണം വിവാഹിതനായി. സാരസ്വത ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. രണ്ടു കുട്ടികള്‍. മകന്‍ എഴുത്തുകാരനും ഗ്രാഫിക് ഡിസൈനറും. മരുമകള്‍ രാജസ്ഥാനില്‍ നിന്നുള്ള കുട്ടി. മകള്‍ സംഗീതരംഗത്താണ്. രാമാനന്ദ് സാഗറിന്റെ (രാമായണം സീരിയല്‍) കൊച്ചുമകനാണ് ഭര്‍ത്താവ്. ഇപ്പോഴും എന്റെ കുടുംബത്തിന്റെ സഹകരണം മൂലം മതങ്ങള്‍ക്ക് കീഴടങ്ങാത്ത യോഗിയായി തന്നെ ജീവിതം തുടരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.