രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ വിരുദ്ധ പ്രസ്താവന ഏറ്റെടുത്ത് പാക്കിസ്ഥാന്‍; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഭാരതത്തിന്റെ തീരുമാനത്തെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധിക്കുന്നത് വയനാട് എംപിയുടെ പ്രസ്താവനയുമായി

Monday 12 August 2019 2:22 pm IST

ന്യുദല്‍ഹി:  അഖണ്ഡഭാരതത്തിനെത്തിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഏറ്റെടുത്ത് പാക് മാധ്യമങ്ങള്‍. കശ്മീരില്‍ പ്രത്യേക പദവി എടുത്തുമാറ്റിയത് കൊണ്ട് ആക്രമണങ്ങളും മരണങ്ങളും കൂടിയെന്ന രാഹുലിന്റെ വ്യാജ ആരോപണമാണ് പാക്കിസ്ഥാന്‍ ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ഇന്ത്യക്കെതിരെയുള്ള ആയുധമായി പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. 

കശ്മീരിന് പ്രത്യേക പദവി നല്‍കി 370-ാം വകുപ്പ് എടുത്ത കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ചരിത്രപരമായ നടപടിയെ പൊതുസമൂഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് പാക്കിസ്ഥാനും വിഘടനവാദികളും ഉയര്‍ത്തുന്നതാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് ഇത്തരമൊരു നിലപാടിനു ചുക്കാന്‍ പിടിക്കുന്നത്.  ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സര്‍വ ശക്തിയുമെടുത്ത് എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നയമെന്നും അതിനോടു യോജിപ്പില്ലാത്തവര്‍ക്കു പാര്‍ട്ടി വിട്ടുപോകാമെന്നും രാഹുല്‍ ഗാന്ധി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ വ്യക്തമാക്കി. കടുത്ത രോഷത്തോടെയാണു രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനത്തെ കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ അടക്കം പല നേതാക്കളും പിന്തുണച്ചിരുന്നു. ഇവര്‍ക്കുള്ള താക്കീതായാണു രാഹുല്‍ ഇത്തരത്തില്‍ തുറന്നടിച്ചതെന്നും വ്യക്തം. 

ജമ്മു കശ്മീര്‍ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പരസ്യമായി രംഗത്തു വന്നിരുന്നു. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യന്‍ യൂണിയനിലേക്കു പൂര്‍ണമായും ചേര്‍ക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഭരണഘടനാപരമായ നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. രാജ്യത്തിന്റെ താല്‍പര്യമാണിത്. അതുകൊണ്ടുതന്നെ കശ്മീര്‍ ബില്ലിനൊപ്പം നില്‍ക്കുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ചൊവ്വാഴ്ച വൈകിട്ട് ലോക്‌സഭയും പാസാക്കിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സിന്ധ്യ നിലപാടു വ്യക്തമാക്കിയത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണോയെന്നു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. തൊട്ടുപിന്നാലെയായിരുന്നു സിന്ധ്യയുടെ ട്വീറ്റും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.