വിഘടനവാദി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധിയും ഇടതുപക്ഷ നേതാക്കളും കശ്മീരില്‍; ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് സുരക്ഷാസേന

Saturday 24 August 2019 3:13 pm IST

ശ്രീനഗര്‍: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കില്‍ പാര്‍പ്പിച്ചിരിക്കുന്ന വിഘടനവാദികള്‍ അടക്കമുള്ള നേതാക്കളെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രീനഗറില്‍. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി,ഗുലാം നബി ആസാദ്, ഡി. രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ നേരത്തേ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നേതാക്കളെ സുരക്ഷാസേന ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളെ കാണാനുള്ള നേതാക്കളുടെ ശ്രമവും പോലീസ് തടഞ്ഞിട്ടുണ്ട്. നേരത്തേ, സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും സിപിഐ നേതാവ് ഡി.രാജയേയും ശ്രീനഗറില്‍ നിന്നു തിരിച്ചയച്ചിരുന്നു. 

നേരത്തേ, ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് അറിയാന്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. കൂടാതെ കശ്മീരിലെത്താന്‍ പ്രത്യേക വിമാനം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വിഘനവാദികളെ സന്ദര്‍ശിക്കണമെന്ന നിലപാടാണ് ഗവര്‍ണറെ ചൊടുപ്പിച്ചത്. 'കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചില നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ഒരു സംഘത്തോടൊപ്പം കാശ്മീരിലെത്തണമെന്നാണമെന്നും കൂടാതെ തടവില്‍ കഴിയുന്ന വിഘടന നേതാക്കളെ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെങ്ങനെ സാധിക്കും'-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രാഹുലിന് നല്‍കിയ ക്ഷണം പിന്‍വലിക്കുന്നതിന്റെ കാരണം വിശദീകരിച്ചത്. കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് പകരം രാഹുല്‍ ഇപ്പോള്‍ ചെയ്യേണ്ടത് കഴിഞ്ഞയാഴ്ച ശ്രീനഗറിലുണ്ടായിരുന്ന 20 ഓളം ഇന്ത്യന്‍ ചാനലുകളില്‍നിന്ന് വിവരങ്ങള്‍ തിരഞ്ഞ് വിഷയത്തില്‍ കൂടുതല്‍ അറിവ് നേടുകയെന്നതാണെന്ന്  അദ്ദേഹം ഉപദേശിച്ചു.കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സ്വാതന്ത്ര്യ ദിനത്തോടെ അയവുവരുത്തി തുടങ്ങുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.