റെയില്‍വേ പരീക്ഷ മലയാളത്തിലും എഴുതാം; സംവിധാനം ഒരുക്കി, പ്രായപരിധി കൂട്ടി

Tuesday 20 February 2018 4:56 am IST
മാര്‍ച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ പുതുക്കാം. കൂടാതെ വിവിധ വകുപ്പുകളില്‍ 91,307 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 മുതല്‍ 34 വയസുവരെയാക്കി.

പാലക്കാട്: റെയില്‍വേ ജോലിക്ക് ഗ്രൂപ് ഡി വിഭാഗത്തില്‍ മലയാളത്തിലും പരീക്ഷയെഴുതാന്‍ റെയില്‍വേ സൗകര്യമൊരുക്കി. ഓണ്‍ലൈന്‍ അപേക്ഷയില്‍ മലയാളം ഭാഷാ മാദ്ധ്യമമായി തിരഞ്ഞെടുക്കാന്‍ പാകത്തില്‍ വെബ്‌സൈറ്റില്‍ പരിഷ്‌കാരം വരുത്തി. മാര്‍ച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ പുതുക്കാനും വെബ്‌സൈറ്റില്‍ സൗകര്യം ചെയ്തു. കൂടാതെ വിവിധ വകുപ്പുകളില്‍ 91,307 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 മുതല്‍ 34 വയസുവരെയാക്കി. 

മറ്റു പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമുണ്ടായിട്ടും മലയാളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. സോണല്‍ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തപ്പോള്‍ കേരള സോണ്‍ ഇല്ലാത്തതിനാല്‍ മലയാളം ഉള്‍പ്പെടാതെ പോയതാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ എംപിയുടെയും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ഇടപെട്ട് നിദ്ദേശം നല്‍കി വേണ്ട പരിഷ്‌കാരം വരുത്തുകയായിരുന്നു.

റെയില്‍വേയില്‍ വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി പുതുക്കുകയും ചെയ്തു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി),ടെക്‌നീഷ്യന്‍  തസ്തികകളില്‍ സംവരണമില്ലാത്തവര്‍ക്ക് 30 വയസുവരെ അപേക്ഷിക്കാം. ഒബിസി, ക്രീമിലെയര്‍ ബാധകമല്ലാത്ത വിഭാഗത്തിന് 33 വയസുവരെയും പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 35 വയസുവരെയും അപേക്ഷിക്കാം. നേരത്തേ 28 വയസായിരുന്നു പ്രായപരിധി. ഇതിലൂടെ പതിനായിരക്കണക്കിന് കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ അവസരം കിട്ടും. 2014 ല്‍ നിശ്ചയിച്ച പ്രായമാനദണ്ഡമാണ് പുതുക്കിയത്. 2018 ജൂലൈ ഒന്ന് കണക്കാക്കിയാണ് ഇപ്പോള്‍ 91,307 ഒഴിവുകളിലേക്ക് ക്ഷണിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് പ്രായം കണക്കാക്കുന്നത്. 

റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് തൊഴില്‍ അറിയിപ്പ് നമ്പര്‍ സിഇഎന്‍ 01/2018 പ്രകാരം 26,502 ഒഴിവുകളിലേക്കും സിഇഎന്‍ 02/2018 പ്രകാരം 62,907 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയ്‌സ് ബെവ് സൈറ്റില്‍നിന്നറിയാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.