മഴയും വെള്ളപ്പൊക്കവും വരും പോകും

Wednesday 23 October 2019 2:15 am IST

 

കേരളത്തില്‍ വീണ്ടും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്നും മഴ ആഗോള പ്രതിഭാസമാണെന്നും സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും മറ്റും പറഞ്ഞ് കൈയൊഴിയുന്ന കേരളഭരണം ഈ സമൂഹത്തിന് ഭാരമാണ്. ദുരിതാശ്വാസ വിതരണംപോലും കുറ്റമറ്റതാക്കുന്നില്ല. 

വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം പമ്പുചെയ്ത് കളയാനുള്ള സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയോ? താഴ്ച അനുസരിച്ചുള്ള കാനകള്‍ പണിത് വെള്ളം ഒഴുക്കിവിടാനുള്ള എന്തെങ്കിലും ചെയ്തോ? കനാലുകള്‍, ചാലുകള്‍, ഓടകള്‍, തോടുകള്‍, കാനകള്‍ എന്നിവ ആഴംകൂട്ടി വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവോ?  കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചോ? പാറമടകളെ നിയന്ത്രിച്ചുവോ? കുന്നിടിച്ച് റിസോര്‍ട്ട് ഉണ്ടാക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നുവോ? കള്ളപ്പട്ടയങ്ങള്‍ തടഞ്ഞുവോ? വനം അനര്‍ഹര്‍ക്ക് പതിച്ചുനല്‍കുന്നത് നിര്‍ത്തിയോ? ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് തെരഞ്ഞെടുപ്പിലേക്കും മരട് ഫ്‌ലാറ്റ്, പാലാരിവട്ടം പാലം പോലെ അഴിമതിയില്‍നിന്ന് അഴിമതിയിലേക്കും കൊലപാതകങ്ങള്‍ ചുരുളഴിക്കുന്നതില്‍നിന്ന് മറ്റു കൊലകളിലേക്കും കടക്കുകയാണ്. ജോളി കഴിഞ്ഞാല്‍ മാര്‍ക്ക്ദാനം. സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍. ഒരു പ്രശ്‌നത്തില്‍നിന്ന് മറ്റൊരു പ്രശ്‌നത്തിലേക്ക്. 2018ലെ പ്രളയം കഴിഞ്ഞപ്പോള്‍ ശബരിമല പ്രശ്‌നം ഉണ്ടാക്കി. അതിന്റെ മറവില്‍, പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം മാറ്റിവച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. 

ജനങ്ങള്‍ ഭീതിയിലാണെവിടെയും. യാത്രകള്‍ ദുഷ്‌കരമായിരിക്കുന്നു. ഒന്നിനും പരിഹാരമില്ല. ദുരന്തം ഒഴിവാക്കാനും നടപടിയില്ല. വീട്ടിലും, റോഡിലും റെയിലിലും വിമാനത്താവളത്തിലും വെള്ളം. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ജനങ്ങള്‍. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുത് സര്‍ക്കാര്‍. വെള്ളം പൊങ്ങുന്നതിനെതിരെ നടപടിവേണം. മഴപെയ്താലും വെള്ളം ഒഴുകിപോണം. അതിന് നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ വേണം. വെള്ളപൊക്കം മൂലം നാശം ഉണ്ടാകുന്നവരെ സഹായിക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.