അഞ്ചു ജില്ലകള്‍ക്ക് നാളെ അവധി; രണ്ടു ജില്ലകളില്‍ റെഡ് അലെര്‍ട്ട്; മരണസംഖ്യ 89

Tuesday 13 August 2019 5:36 pm IST

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അവധി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കനവാടികള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. അതേസമയം, ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍  കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുര്‍ബലമാകും. മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. 

അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 89 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 20 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ 20 പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തേണ്ടത്. വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.