അയോധ്യ കേസ്: രാമജന്മഭൂമി രേഖപ്പെടുത്തിയ ഭൂപടം വലിച്ചു കീറി മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

Wednesday 16 October 2019 1:10 pm IST

ന്യൂദല്‍ഹി: അയോധ്യ കേസിന്റെ വിചാരണയുടെ അവസാനദിവസം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. അയോധ്യയില്‍ രാമജന്മഭൂമി നിലനിന്നിരുന്നതിന്റെ മാപ്പും രേഖകളും ഹിന്ദുസംഘടനകളുടെ അഭിഭാഷകന്‍ കോടതിക്കു കൈമാറാന്‍ ഒരുങ്ങവേയാണ് നാടകീയ രംഗങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് അടക്കം മുസ്ലിം സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ രാമജന്മഭൂമി രേഖപ്പെടുത്തിയ പേപ്പറുകള്‍ കോടതിക്കുള്ളില്‍ വലിച്ചു കീറി എറിയുകയായിരുന്നു. പേപ്പറുകള്‍ ധവാന്‍ കൈയില്‍ എടുത്തതോടെ രേഖകള്‍ കീറണമെങ്കില്‍ കീറാന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതിനു പിന്നാലെയാണു പേപ്പറുകള്‍ കീറി എറിഞ്ഞത്. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി ക്ഷുഭിതനായി. ഇത്തരത്തില്‍ വിചാരണ എങ്ങെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇതാണ് അവസ്ഥയെങ്കില്‍ താന്‍ ചെയര്‍ വിട്ടു പോകുമെന്നും ഗഗോയി വ്യക്തമാക്കി. 

ഹിന്ദു മഹാസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ്ങാണ് രേഖകളും കുനാല്‍ കിഷോര്‍ രചിച്ച അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകവും കോടതിക്ക് കൈമാറാന്‍ ഒരുങ്ങിയത്. ഇതെല്ലാം രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. കോടതിയോട് അങ്ങേയറ്റം ബഹുമാനമാണെന്നും ധവാന്‍ ചെയ്തതിനോട് അതേരീതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വികാസ് സിങ് കോടതിയെ അറിയിച്ചു. അതേസമയം, അയോധ്യ കേസില്‍ ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് വിധി പറയും. അയോധ്യ കേസിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്. 

ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40-ാമത്തെ ദിവസമാകും. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് ഇത്. കേശവാനന്ദ ഭാരതി കേസിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ വാദം കേട്ടിട്ടുള്ളത്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം. അയോധ്യ രമജന്മഭൂമിയാണെന്നും, രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നുമുള്ള ഹിന്ദു സംഘടനകളുടെ വാദത്തിനെതിരെ സുന്നി വഖഫ് ബോര്‍ഡിന്റെ വാദം മുറുകിയതോടെയാണ് തര്‍ക്കത്തിലേക്ക് എത്തിയത്. തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്. 

ഇന്ന് കേസ് വിധി പറയാന്‍ മാറ്റിവെക്കും. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവന എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കില്‍ വീണ്ടും കേസ് ഒരിക്കല്‍ക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേള്‍ക്കേണ്ടി വരും. 

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കും.ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തര്‍ക്കം നീണ്ടുപോയതോടെ ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16-നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകിട്ട് അഞ്ച് മണി വരെ തുടരുമെന്നും, ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കാന്‍ സമയം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.