മോചനം തേടിയുള്ള നളിനിയുടെ ഹര്‍ജി തള്ളി; ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമില്ല: ഹൈക്കോടതി

Thursday 18 July 2019 4:09 pm IST

ചെന്നൈ: ജയിലില്‍ നിന്ന് നേരത്തെ മോചിപ്പിക്കണമെന്നഭ്യര്‍ഥിച്ച് രാജീവ് വധക്കേസിലെ പ്രതി നളിനി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്നെ മോചിപ്പിക്കാന്‍ തമിഴ്‌നാട് ഗവര്‍ണ്ണറോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട ഗവര്‍ണ്ണര്‍ക്ക് ഭരണഘടനയിലെ 361ാം വകുപ്പ് പ്രത്യേക പരിരക്ഷ നല്‍കുന്നുണ്ട്. അതിനാല്‍ കോടതികള്‍ക്ക് ഗവര്‍ണ്ണറെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. 

ഗവര്‍ണ്ണര്‍ കോടതികള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനുമല്ല.അതിനാല്‍ ഗവര്‍ണ്ണറോട്  ഇങ്ങനെ നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. ജസ്റ്റിസുമാരായ ആ സുബ്ബയ്യയും സി ശരവണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശം  കേട്ടില്ലെന്നത്,  തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ ഒരു കാരണവുമല്ല. ഗവര്‍ണ്ണര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന വകുപ്പുള്ളതിനാല്‍ ഹര്‍ജിക്കാരിക്ക് ഇത്തരമൊരു പരാതി നല്‍കാന്‍ പോലും വിലക്കുണ്ട്.

കോടതി ചൂണ്ടിക്കാട്ടി. നളിനി അടക്കം രാജീവ് വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാന്‍ തമിഴനാട് സര്‍ക്കാര്‍ 2018 സപ്തംബര്‍ 9ന് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്  ഉപദേശം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ അധികാരിയെന്ന നിലയ്ക്ക് ഇൗ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് തന്നെ വിട്ടയക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നഭ്യര്‍ഥിച്ച് നളിനി ഹൈക്കോടതിയെ സമീപിച്ചത്. 

തങ്ങള്‍ക്ക് അതിനുള്ള അധികാരമില്ലെന്നാണ് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയതും. നളിനി, ശ്രീഹരന്‍( മുരുകന്‍)ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്നത്. ലണ്ടനില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ നളിനിക്ക് ഹൈക്കോടതി ജൂലൈ അഞ്ചിന് ഒരു മാസത്തെ പരോള്‍ നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.