രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍; വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

Saturday 13 July 2019 8:39 am IST

കോട്ടയം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. പോലീസിനും ആര്‍ഡിഒയ്ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു.

നിലവിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യത ഇല്ലാത്തതാണ്. പോസ്റ്റുമോര്‍ട്ടത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. 

ഗൗരവത്തോടെയുള്ളതായിരുന്നില്ല ആദ്യ റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താനും പോലീസിന് നിര്‍ദ്ദേശം നല്‍കി. 

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങള്‍ഇന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശിക്കും.

രാവിലെ പതിനൊന്ന് മണിക്കെത്തുന്ന കമ്മീഷന്‍ ആദ്യം സ്റ്റേഷനില്‍ പരിശോധന നടത്തും. പിന്നീട് രാജ്കുമാറിനെ ദേഹപരിശോധനക്കായി കൊണ്ടുപോയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി സന്ദര്‍ശിക്കും. പീരുമേട് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷന്‍ കാണും. കേസില്‍ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.