തേജസിലെ പറക്കല്‍ ത്രില്ലടിപ്പിക്കുന്ന അനുഭവമെന്ന് രാജ്‌നാഥ് സിങ്; ജി- സ്യൂട്ട് ധരിച്ച് പറന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്, പ്രതിരോധ മേഖല ശക്തിയാര്‍ജ്ജിക്കുന്നു

Thursday 19 September 2019 11:41 am IST

ബെംഗളുരു: യുദ്ധവിമാനമായ തേജസില്‍ പറന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിങ്. ബെംഗളുരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ജി-സ്യൂട്ട് ധരിച്ച് രാജ്‌നാഥ് സിങ് തേജസ് വിമാനത്തില്‍ സഞ്ചരിച്ചത്. 

ത്രില്ലടിപ്പിക്കുന്ന അനുഭവമായിരുന്നു തേജസിലെ ഈ പറക്കലെന്ന് രാജ്‌നാഥ് സിങ് പിന്നീട് ട്വീറ്റ് ചെയ്തു. നിര്‍ണായകമായ പല ശേഷികളും സ്വായത്തമാക്കിയ യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുകയാണെന്നും രാജ്‌നാഥ് ട്വിറ്ററില്‍ കുറിച്ചു. 

പൈലറ്റിന്റെ ജി-സ്യൂട്ട് വേഷത്തിലുള്ള ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തേജസിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചും പൈലറ്റും, വ്യോമസേനാ ഉദ്യോഗസ്ഥരും രാജ്‌നാഥ് സിങ്ങിന് വിശദീകരിച്ച ശേഷമാണ് അദ്ദേഹം യാത്ര ചെയ്തത്. 

വിമാനത്തിലേക്ക് പൈലറ്റിനൊപ്പം നടന്നു കയറിയ രാജ്‌നാഥ്, സ്വയം പിന്‍സീറ്റിലിരുന്ന്, സ്ട്രാപ്പ് ധരിച്ച് പറക്കാന്‍ തയ്യാറായി. ഒരു വെള്ള ഹെല്‍മെറ്റും, ഓക്‌സിജന്‍ മാസ്‌കും രാജ്‌നാഥ് ധരിച്ചിരുന്നു. പറക്കാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ് കാഴ്ചക്കാരെ നോക്കി അദ്ദേഹം കൈവീശി. 

ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമായ തേജസ് കഴിഞ്ഞാഴ്ച്ചയാണ് ഗോവയില്‍ വിജയകരമായി അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്. ഇത്തരത്തിലൊരു ലാന്‍ഡിങ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫൈറ്റര്‍ ജെറ്റാണ് തേജസ്. നാവികസേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് തേജസിനെ തയ്യാറാക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ ലാന്‍ഡിങ് വിജയം. 

വ്യോമസേനയില്‍ ഇപ്പോള്‍ത്തന്നെ ഒരു ബാച്ച് തേജസ് വിമാനങ്ങളുണ്ട്. കപ്പലുകളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള തേജസ് വിമാനങ്ങള്‍ ഇപ്പോള്‍ ഡിസൈനിങ് ഘട്ടത്തിലാണ്. തേജസ് വിമാനപ്പറക്കലിന് ശേഷം ഡിആര്‍ഡിഒ സംഘടിപ്പിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഇതോടൊപ്പം സംഘടപ്പിച്ചിരുന്നു. 

നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മലാ സീതാരാമനും സുഖോയ് 30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായിരുന്നു നിര്‍മലാ സീതാരാമന്‍. അന്ന് ജോധ്പൂര്‍ എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനത്തില്‍ 45 മിനിട്ട് നേരമാണ് നിര്‍മലാ സീതാരാമന്‍ പറന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.