ഇറാഖിലെ കൊടുമുടിയില്‍ അമ്പും വില്ലും ആവനാഴിയുമേന്തിയ ശ്രീരാമ രൂപം; നാലായിരം വര്‍ഷം പഴക്കമുണ്ടെന്ന് വിദഗ്ധര്‍

Wednesday 26 June 2019 6:37 pm IST

ബാഗ്ദാദ്:  ഇറാഖിലെ ഹൊറേന്‍ ഷെക്കാന്‍ മേഖലയില്‍  ശ്രീരാമന്റെ,  കല്ലില്‍ കൊത്തിയ രൂപം കണ്ടെത്തി. ദര്‍ബന്ധ് ഇ ബെലൂല എന്ന കൊടുമുടിയിലാണ് നാലായിരം വര്‍ഷം പഴക്കമുള്ള  കല്ലിലെ ചിത്രം  ഇന്ത്യന്‍ സംഘം കണ്ടെത്തിയത്. അമ്പും വില്ലും ആവനാഴിയുമേന്തി, അരപ്പട്ടയില്‍ വാള്‍ തൂക്കി നില്‍ക്കുന്ന രാമന്റെ ശില്‍പമാണ് മലയില്‍  ആലേഖനം ചെയ്തിരിക്കുന്നത്.

രാജാവിനെ തൊഴുതിരിക്കുന്ന ഭക്തന്റെ രൂപവും ചിത്രത്തിലുണ്ട്. ഇത് ഹനുമാനാണെന്ന്  കരുതുന്നതായി അയോധ്യ ശോധ് സന്‍സ്ഥാ ഡയറക്ടര്‍ യോഗേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു. ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിതിന്റെ നേതൃത്വത്തില്‍ എബ്രിലിലെ ഇന്ത്യന്‍ സ്ഥാനപതി, സുലൈമാനിയ സര്‍വകലാശാലയിലെ ചരിത്രകാരന്മാര്‍, കുര്‍ദിസ്ഥാനിലെ ഇറാഖി ഗവര്‍ണര്‍ എന്നിവരുടെ സംഘമാണ് പര്യവേഷണം നടത്തിയത്.

സിന്ധു, മെസപ്പെട്ടോമിയന്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനാകും ഈ ചരിത്ര ശേഷിപ്പിനെ ഉപയോഗപ്പെടുത്തുക എന്ന് സിങ് പറഞ്ഞു. സന്‍സ്തയും യുപി സര്‍ക്കാരും ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്ത്യന്‍ എംബസ്സി പര്യവേഷണത്തിന് മുന്‍കൈയടുത്തത്. 

ഇറാഖ് സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ഇരു സംസ്‌കാരങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന കൂടുതല്‍ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും പ്രതാപ് സിങ് പറഞ്ഞു. 4500 ബിസിക്കും 1900 ബിസിക്കുമിടയില്‍ മെസപ്പെട്ടോമിയയുടെ ചില ഭാഗങ്ങള്‍ ഭരിച്ചിരുന്നത് സുമേറിയനുകളായിരുന്നെന്നും ഇവര്‍ ഇന്ത്യയില്‍ നിന്നു വന്നതായിരിക്കാം എന്ന സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമ ശില്‍പങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാഖില്‍ നിന്ന് കണ്ടെത്തിയ മാതൃകയില്‍ ഒരു ശില്‍പം അയോധ്യയില്‍ നിര്‍മിക്കാനും യുപി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.