മോദി സര്‍ക്കാരിന്റെ നിലപാടുകളില്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരും: അമിത് ഷാ

Monday 16 December 2019 4:21 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യയില്‍ അടുത്ത  നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം ഉയരുമെന്നും അദേഹം വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസില്‍ ഒരിക്കലും താല്‍പര്യമില്ലായിരുന്നു. ബിജെപി ഭരണത്തിലെത്തിയതോടെയാണ് കേസിന് വേഗം വെച്ചത്.

ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. പക്ഷേ, രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി  നേടിയെടുത്തു. നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ  ശ്രീരാമ ക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നിരിക്കുമെന്നും അദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളെ അദേഹം പ്രസംഗത്തില്‍ അവഗണിച്ചു. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഓരോ വീട്ടുകാരും ഒരു ഇഷ്ടികയും പതിനൊന്നു രൂപയും സംഭാവന നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.  ഝാര്‍ഖണ്ഡിലെ മറ്റൊരു തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയ പശ്ചാത്തലത്തിലാണ് യോഗിയുടെ അഭ്യര്‍ഥന.

 രാമരാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റയടിക്ക് 370-ാം വകുപ്പ് എടുത്തു കളഞ്ഞു. ഇന്ന് നമുക്ക് കശ്മീരിലും ലഡാക്കിലും ജമ്മുവിലും പോയി വസ്തു വാങ്ങാം. 370-ാം വകുപ്പ് നീക്കിയതിന്റെ പേരില്‍ ഒരാള്‍ക്കു പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. മതത്തിന്റെ പേരില്‍ ഇന്ത്യ ആരോടും വിവേചനം കാണിച്ചിട്ടില്ല. എന്നാല്‍, പാക്കിസ്ഥാനുംഅഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അങ്ങനെയല്ല. ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കൊടിയ മത പീഡനമാണ് അനുഭവിക്കുന്നത്. അവരുടെ വസ്തുവകകള്‍ കവരുന്നു, സ്ത്രീകളെ ചൂഷണം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പൗരത്വ ഭേദഗതി ബില്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാന്റെ ഭാഷയാണ്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.