പിണറായി വിജയന് വേണ്ടത് വിവരമുള്ള നിയമോപദേശകര്‍; പൗരത്വ നിയമം പാര്‍ലമെന്റിന്റെ ഉത്തരവാദിത്വം; സംസ്ഥാനങ്ങള്‍ക്ക് പങ്കില്ലെന്നും രവിശങ്കര്‍ പ്രസാദ്

Tuesday 31 December 2019 4:41 pm IST

തിരുവനന്തപുരം: രാജ്യത്തെ പൗരത്വം നിയമം ഭരണഘടന പ്രകാരം പാര്‍ലമെന്റിന്റെ കീഴിലുള്ള യൂണിയന്‍ ലിസ്റ്റില്‍ പെടുന്നതാണെന്നും അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു റോളുമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമം നടപ്പിലാക്കില്ലെന്നതടക്കം നിലപാട് സ്വീകരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വിവരമുള്ള മെച്ചപ്പെട്ട നിയമോപദേശകരാണെന്നും കേന്ദ്രമന്ത്രി. നിയമത്തിനെതിരേ കേരളനിയമസഭ പാസാക്കിയ പ്രമേയത്തിന് പ്രത്യേകയൊന്നമില്ല. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ സ്വീകരിച്ച നിലപാടാണ് ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നത്. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. കേരള ഗവര്‍ണര്‍ക്കെതിരേ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് നടത്തിയ കൈയേറ്റ ശ്രമം അപലപനീയമാണ്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത്. 

കേന്ദ്രസര്‍ക്കാരിനേയും നിയമത്തിനേയും എല്ലാം എതിര്‍ക്കാനും ഭരണഘടനപരമായി വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അടുത്തനാളുകളായി കാണുന്നത് അക്രമം മാത്രമാണ്. അതു വച്ചുപൊറുപ്പിക്കില്ല. എതിര്‍പ്പില്‍ നിന്ന് പെട്ടന്നൊരു ദിവസം അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഡല്‍ഹിയിലും മുംബൈയിലും അടക്കം നടക്കുന്ന പ്രതിഷേധങ്ങളില്‍ കേള്‍ക്കുന്ന മുദ്രാവാക്യമാണ് ആസാദി വേണം എന്നത്. ആരില്‍ നിന്നാണ് ഇവര്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്. ഇന്ത്യ ഒരു സ്വതന്ത്രരാജ്യമാണ്. ഇനി ഞങ്ങളില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെങ്കില്‍ ജനാധിപത്യ പരമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ, വിജയിക്കൂ, പ്രധാനമന്ത്രിയാകൂ. അതാണ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ്. 

പൗരത്വ നിയമം ആവശ്യപ്പെട്ടതും പലപ്പോഴും നടപ്പാക്കിയതും കോണ്‍ഗ്രസാണ്. അന്നൊന്നും ഒരു എതിര്‍പ്പും ഉണ്ടായിട്ടല്ല. പൗരത്വ നിയമത്തിന് ഇന്ത്യയിലെ പൗരന്‍മാരുമായി ഒരു ബന്ധവുമില്ല. എന്‍സിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചന പോലും നടന്നിട്ടില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും രവിശങ്കര്‍ പ്രസാദ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.