പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും മനസിലായി; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

Monday 13 January 2020 7:59 pm IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംബന്ധിച്ച വിഷയം ആലോചിക്കുന്നതിന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

ഇന്ന് ചേര്‍ന്ന യോഗത്തിലെ എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി, ശിവസേന, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പൗരത്വ നിയമം, എന്‍ആര്‍സി, എന്‍പിആര്‍, ജെഎന്‍യു അതിക്രമം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനു വന്‍താക്കീതായി മാറുമെന്ന് പ്രഖ്യാപിച്ച യോഗമാണു തകര്‍ന്നത്. 

ദേശീയ പണിമുടക്ക് ദിവസം സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗാളില്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് മമത യോഗം ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ 110 ഓളം ശിശു മരണം സംഭവിച്ചിട്ടും ആശുപത്രി സന്ദര്‍ശിക്കാന്‍ തയാറാവാത്ത പ്രിയങ്കാ ഗാന്ധിയെ മായാവതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ആം ആദ്മിയുടെ പിന്മാറ്റമെന്നാണ് സൂചന, 

കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും യു.പിയില്‍ എത്തി പ്രിയങ്ക ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മായാവതി നേരത്തേ ആരോപിച്ചിരുന്നു.  ഈ സാഹചര്യത്തില്‍ പോലും, മറ്റ് പാര്‍ട്ടികളെപ്പോലെ തന്നെ കോണ്‍ഗ്രസും സ്വയം മാറാന്‍ തയ്യാറല്ല. അതില്‍ ഏറ്റവും പുതിയ ഉദാഹരണം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നുള്ളതാണ്. കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരപരാധികളായ കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുതല കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ ഇതുവരെ കോട്ട ആശുപത്രി സന്ദര്‍ശിക്കാനോ മരണമടഞ്ഞ കുട്ടികളുടെ അമ്മമാരുടെ കണ്ണുനീര്‍ തുടയ്ക്കാനോ തയ്യാറായില്ല. അവരും ഒരു അമ്മയായിരിക്കെ ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണ്', മായാവതി ട്വീറ്റില്‍ പറഞ്ഞു. 

നേരത്തെയും മായാവതി ഇതേ വിഷയത്തില്‍ പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. യു.പി സന്ദര്‍ശിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ പ്രിയങ്ക ഇടക്കിടെ ചെന്നിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നായിരുന്നു മായാവതി പറഞ്ഞത്. കോട്ട ആശുപത്രിയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ സി.എ.എക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇരയായവരോട് പ്രിയങ്ക കാണിക്കുന്ന സമീപനം രാഷ്ട്രീയ അവസരവാദമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മായാവതി പറഞ്ഞിരുന്നു. 

അക്രമത്തിനെതിരേ പ്രതിഷേധിക്കാന്‍ യോഗം വിളിച്ചവര്‍ തന്നെ അക്രമം നടത്തുന്നു എന്നാരോപിച്ചാണ് മമത ബാനര്‍ജിയുടെ ബഹിഷ്‌കരണം. ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളില്‍ ഇടത് പ്രവര്‍ത്തകരും കോണ്‍ഗ്രസും നടത്തിയ അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് മമതയുടെ തീരുമാനം. ബംഗാളില്‍ ഹൗറ, നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ഇത് സിപിഎമ്മിന്റെ 'ദാദാഗിരി'യാണെന്നും മമത ആരോപിച്ചിരുന്നു. ദുര്‍ഗാപൂരില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.

അക്രമത്തില്‍ ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നു മമത ബാനര്‍ജി. ഗുണ്ടായിസമാണ് ഇവര്‍ കാണിക്കുന്നത്. വാഹനങ്ങള്‍ കത്തിച്ചതിലും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതന്നെ ഇനി ഇടത് കോണ്‍ഗ്രസ് പാരട്ടിക്കൊപ്പം ചേരാതെ പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ ഒറ്റയ്ക്ക് പ്രതിഷേധമുയരത്തി പോരാടാനാണ് തീരുമാനമെന്നും മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.