മഴ നാലു ദിവസത്തേയ്ക്കു കൂടി തുടരും; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Tuesday 22 October 2019 8:17 am IST

തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തേയ്ക്കു കൂടി അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അങ്കണവാടികളില്‍ ബുധനാഴ്ച്ച അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

24 മണിക്കൂര്‍ കൊണ്ട് ശരാശരി 5.2 സെന്റിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്.  20 സെന്റിമീറ്റര്‍ മഴയാണ് എറണാകുളം സൗത്തില്‍ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാള്‍ 38 ശതമാനം അധികം മഴയാണ് ഈ തുലാവര്‍ഷത്തില്‍ ഇതുവരെ കിട്ടിയത്. 

ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാനും നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും  മുന്നറിയിപ്പുണ്ട്. കനത്ത മഴ കേരളമെമ്പാടും ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.