പൗരത്വ രജിസ്റ്റര്‍; ആശങ്കകള്‍ അടിസ്ഥാന രഹിതം

Tuesday 26 November 2019 4:33 am IST

 

അഞ്ച് വര്‍ഷത്തിനുള്ളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നിക്ഷിപ്ത താല്‍പര്യക്കാരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. എന്‍ആര്‍സി നടപ്പാക്കിയാല്‍ രാജ്യത്ത് ചില സമുദായങ്ങള്‍ ഒറ്റപ്പെടുമെന്ന ആശങ്കയാണ് അവര്‍ പങ്കുവയ്ക്കുന്നത്. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് വാസ്തവം. അനധികൃത കുടിയേറ്റം ഇല്ലാതാക്കുക, വ്യാജ പൗരത്വം നേടിയവരെ കണ്ടെത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യവും എന്‍ആര്‍സി നടപ്പാക്കുന്നതുകൊണ്ടില്ല. 

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. അത് ഇന്നോ ഇന്നലയോ ആരംഭിച്ച നടപടിയുമല്ല. അസമിലേക്ക് ബ്ലംഗ്ലാദേശികള്‍ കൂട്ടമായെത്തിയതോടെ 1951 ലാണ് എന്‍ആര്‍സി തയാറാക്കിയത്. ആ നടപടികള്‍ നിലവിലെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നുവെന്നുമാത്രം. അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക എന്നത് ഏതൊരു ഭരണാധികാരിയുടേയും കടമയുമാണ്. 

ഇന്ത്യയെന്നല്ല, ഒരു രാജ്യവും അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. അനുവദിക്കുകയുമില്ല. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ലക്ഷ്യമിടുന്നവരാണ് ഇവിടെ ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നതെന്നും സുവ്യക്തം. ഈ നിലപാട് തീര്‍ച്ചയായും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണ്. പൗരത്വം തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകളില്ലാതെ രാജ്യത്ത് പാര്‍ക്കുന്ന ഏതൊരാളും കുടിയേറ്റക്കാരാണ്. 

നിലവില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലോക്‌സഭാംഗം അസറുദ്ദീന്‍ ഒവൈസി തുടങ്ങിയവരാണ് ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം, ബിജെഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളും വിയോജിപ്പ് അറിയിച്ചിട്ടുമുണ്ട്. ഒരു പ്രത്യേക മതത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ രാജ്യത്ത് പാടിനടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആ മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം. രാജ്യത്തിനകത്ത് അന്തച്ഛിദ്രം വളര്‍ത്തുകയെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല. 

ഇന്ത്യന്‍ പൗരന്‍ ആണെന്നതിന് മതിയായ രേഖകളോടെ രാജ്യത്ത് അധിവസിക്കുന്ന ആരും ഭയക്കേണ്ടുന്ന സാഹചര്യമില്ല. എന്‍ആര്‍സിയില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ക്ക്, അവര്‍ ഇന്ത്യാക്കാരാണെങ്കില്‍ മതിയായ രേഖകളുമായി ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ സമീപിക്കാം. നിരവധി നടപടിക്രമങ്ങളിലൂടെ മാത്രമേ കുടിയേറ്റക്കാരെ രാജ്യത്തിനകത്തുനിന്നും ഒഴിപ്പിക്കൂ എന്ന് ചുരുക്കം. അങ്ങനെ വരുമ്പോള്‍ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് എന്‍ആര്‍സി നടപ്പാക്കുക എന്ന നടപടി ഒട്ടും സുഗമവും ആവില്ല.  

ഇന്ത്യയെ തകര്‍ക്കാന്‍ പദ്ധതി തയാറാക്കുന്ന ഭീകരവാദ സംഘടനകളില്‍ ഉള്‍പ്പെട്ടവരും അനധികൃത കുടിയേറ്റക്കാരായി രാജ്യത്ത് വിലസുന്നുണ്ട്. അവരിലൂടെയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. ദേശസുരക്ഷയ്ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന ഇത്തരക്കാരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാവുകയും വേണം. ഒരു ഇന്ത്യന്‍ പൗരന് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് നമ്മുടെ രാജ്യത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ അനുഭവിക്കുന്നത്. 

സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥ കൊണ്ട് ഇന്ത്യയിലേക്ക് വന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാകാം. എന്നാല്‍ ഇവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുക എന്നതിനപ്പുറം മറ്റൊരു സാധ്യതയും ഇന്ത്യക്കു മുന്നിലില്ല. രാജ്യസുരക്ഷയെ കരുതി ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതമാകുന്ന പരിതസ്ഥിതി ലോകമെമ്പാടുമുള്ള ഭരണാധികാരികള്‍ അഭിമുഖീകരിക്കുന്ന ഒന്നാണ്. ആദ്യ പരിഗണന അതാത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അവരുടെ ക്ഷേമത്തിനുമായിരിക്കും. എന്നാല്‍ രാജ്യത്ത് അഭയം തേടിയെത്തുന്നവരെ അതിഥികളായി കണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പ്യര്യവും നമുക്കുണ്ട്. പക്ഷേ വിരുന്നെത്തുന്നവര്‍ വീട്ടുകാരായി മാറി, എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് അവിടെ ആഭ്യന്തര കലഹം ഉണ്ടാക്കുന്നുവെങ്കില്‍ അവരെ മടക്കി അയയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ആ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.