'കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ മോചിപ്പിക്കണം, ഇന്ത്യയിലേക്ക് തിരിച്ചയക്കണം'; പാക്കിസ്ഥാന് താക്കീത് നല്‍കി മോദി സര്‍ക്കാര്‍

Thursday 18 July 2019 12:30 pm IST

ന്യൂദല്‍ഹി: ഹേഗിലെ രാജ്യാന്തരകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ. പാക്കിസ്ഥാന്റെ നിലപാട് തള്ളി ഭാരതം മുന്നോട്ട് വെച്ച വാദങ്ങളാണ് കോടതി അംഗീകരിച്ചത്. 

കുല്‍ഭൂഷണ്‍ നിരപരാധിയാണെന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് രാജ്യാന്തരകോടതിവിധിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍  കുല്‍ഭൂഷണെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. രാജ്യാന്തര കോടതി വിധിയെ രാജ്യസഭ ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്തത്. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള രാജ്യാന്തര കോടതിവിധി സത്യത്തിന്റെയും നീതിയുടേയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കേസില്‍ വസ്തുതകളെ കുറിച്ച് വിപുലമായ പഠനം നടത്തിയശേഷം വിധി പ്രസ്താവന നടത്തിയ രാജ്യാന്തര കോടതിയെ അഭിനന്ദിക്കുന്നു. 

പാക്കിസ്ഥാനിലും കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കായി എല്ലായ്പ്പോഴും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. വധശിക്ഷ പുനപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവന നടത്തിയത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ പാക്കിസ്ഥാന്‍ നടപടി ക്രമങ്ങള്‍ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.