ദുരിതബാധിതരെ പട്ടിണിക്കിട്ട് അധികൃതര്‍

Tuesday 13 August 2019 3:40 pm IST

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അഭയംതേടിയ ദുരിതബാധിതര്‍ക്ക് അവഗണന മാത്രം. രോഗബാധിതരും വൃദ്ധരുമായ ഇരുപതോളം പേരെയാണ് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. 

കാലുകള്‍ മുറിച്ചു മാറ്റപ്പെട്ടവര്‍, ഹൃദ്രോഗബാധിതര്‍, നട്ടെല്ലിന് അസുഖം ബാധിച്ചവര്‍ തുടങ്ങിയ വിവിധ രോഗങ്ങളാല്‍ ഏറെ അവശതയും കഷ്ടതയും അനുഭവിക്കുന്ന ഇരുപതോളം പേരയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

15 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉണ്ട്. ശനിയാഴ്ചയും, ഞായറാഴ്ചയുമായാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം പോലും നല്‍കിയില്ല. പലരുടെയും പക്കല്‍ ഭക്ഷണം വാങ്ങാനുള്ള പണം ഇല്ലായിരുന്നു. മറ്റു ചിലര്‍ക്കാകട്ടെ കടയില്‍ പോയി ഭക്ഷണം വാങ്ങാനുള്ള ശാരീരിക അവസ്ഥയും ഇല്ലായിരുന്നു. ഇതോടെ കടുത്ത ദുരിതമായി ഇവര്‍ക്ക് ആശുപത്രിവാസം. 

പ്രതിഷേധം ശക്തമായതോടെ ഇന്നലെ ഉച്ചയോടെ സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയത്. ജില്ലാ കളക്ടറെ അടക്കം ഭക്ഷണം ലഭിക്കാത്ത വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ചേന്നങ്കരി, പുളിങ്കുന്ന്, കൈനകരി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ആശുപത്രിയില്‍ കഴിയുന്നത്. പുളിങ്കുന്ന് സ്വദേശിയായ കെ. കെ. സുധാകരനെ(68)യും ഭാര്യ പൊന്നമ്മയെയും ഞായറാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. 

സുധാകരന്‍ ഹൃദ്രോഗിയും ഭാര്യക്ക് നട്ടെല്ലിനും അസുഖമുണ്ട്. അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ വലഞ്ഞ ഇവര്‍ ഏറെ ബുദ്ധിമുട്ടിയാണ് വിശപ്പടക്കാന്‍ ഭക്ഷണം കടകളില്‍നിന്ന് വാങ്ങിയത്. ജില്ലാ ഭരണകൂടത്തെ വിശ്വസിച്ച് വീടുവീട്ടവര്‍ ദുരിതകയത്തിലായ ദുരവസ്ഥയിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.