ന്യൂനപക്ഷ പീഡനം: പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ കമ്മീഷന്‍

Monday 16 December 2019 7:33 am IST

ന്യൂദല്‍ഹി: മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന പാക്കിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭാ കമ്മീഷന്‍. ആഗോള തലത്തില്‍ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ചുള്ള യുഎന്‍ കമ്മീഷനാണ് (സ്റ്റാറ്റസ് ഓഫ് വുമണ്‍ കമ്മീഷന്‍-സിഎസ്ഡബ്ല്യു) പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. മതപരമായ വിവേചനവും മതംമാറ്റവും പാക്കിസ്ഥാനില്‍ നടമാടുകയാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. അഹമ്മദിയ വിരുദ്ധ നിയമങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി പാക് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. എന്നാല്‍, ഈ നിയമങ്ങള്‍ മുതലെടുത്ത് മതതീവ്രവാദികള്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണെന്ന് കമ്മീഷന്‍ പറയുന്നു.

പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യം ആക്രമണത്തില്‍ എന്ന നാല്‍പ്പത്തൊന്നു പേജുള്ള റിപ്പോര്‍ട്ടിലാണ് അവിടത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുന്നത്. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ ദുരിതത്തിലാണ്. ഇവരില്‍ത്തന്നെ സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു യുവതികളെ മതം മാറാനും മുസ്ലിം യുവാക്കളെ വിവാഹം കഴിക്കാനും നിര്‍ബന്ധിക്കുന്നു. പതിനെട്ടു വയസിനു താഴെയുള്ള പെണ്‍കുട്ടികളെയാണ് ഇങ്ങനെ മതംമാറ്റുന്നത്. സ്വന്തം കുടുംബങ്ങളിലേയ്ക്ക് തിരിച്ചു വരാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ പെണ്‍കുട്ടികള്‍. മുസ്ലീങ്ങളായ അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും അപമാനങ്ങള്‍ സഹിക്കേണ്ടി വരുന്നതായി ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധി പെണ്‍കുട്ടികള്‍ കമ്മീഷനു മൊഴിനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ മെയില്‍ പാക്കിസ്ഥാനിലെ സിന്ധില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഡോക്ടറുടെ ക്ലിനിക്കിനു ജനങ്ങള്‍ തീയിട്ടതടക്കം നിരവധി സംഭവങ്ങള്‍ ഉദാഹരണമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതനിന്ദ സംബന്ധിച്ച് അടുത്തിടെ കൊണ്ടുവന്ന നിയമവും ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണ്. ന്യൂനപക്ഷ പീഡനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാക് സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.