ട്രാക്ടര്‍ വേ ഇല്ലാതെ ബാവിക്കര തടയണ പൂര്‍ത്തീകരിക്കാന്‍ നീക്കം, പ്രതിഷേധവുമായി പ്രദേശവാസികൾ

Thursday 13 February 2020 1:08 pm IST

ബോവിക്കാനം: പയസ്വിനിപ്പുഴയിലെ കുടിവെള്ള പദ്ധതിയായ ബാവിക്കര സ്ഥിരം തടയണയോടൊപ്പം നിര്‍മ്മിക്കുമെന്നു പറഞ്ഞ ട്രാക്ടര്‍ വേയില്‍ നിന്ന് അധികൃതര്‍ പിന്നോട്ടു പോകുന്നു. ബോവിക്കാനത്തുനിന്ന് ചട്ടഞ്ചാലിലേക്ക് എളുപ്പമാര്‍ഗം തുറന്നുകിട്ടുന്ന ട്രാക്ടര്‍ വേ നാട്ടുകാര്‍ ഏറെ ആഗ്രഹിച്ചതായിരുന്നു. ബഡ്ജറ്റില്‍ ഇതിനു തുക വകയിരുത്തിയിരുന്നുവെന്നാണ് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ പറയുന്നത്. എന്നാല്‍  ട്രാക്ടര്‍ വേ ഇല്ലാതെ സ്ഥിരം തടയണ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് പ്രദേശവാസികളില്‍ വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്. 

മാത്യു.ടി.തോമസ് ജലവിഭവ മന്ത്രിയായിരിക്കേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ട്രാക്ടര്‍ വേ നിലവിലുള്ള ഡിസൈനില്‍ പ്രായോഗികമല്ലെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. പിന്നീട് കെ.കൃഷ്ണന്‍കുട്ടി ചുമതലയേറ്റപ്പോള്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ നാട്ടുകാരുടെ ആവശ്യം ഉയര്‍ത്തിക്കാട്ടി ട്രാക്ടര്‍ വേക്ക് വേണ്ടി നിവേദനം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി ഉന്നതതല യോഗം വിളിക്കുകയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തത്. 

ട്രാക്ടര്‍ വേക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിലപാട് സ്വീകരിച്ചത്. തടയണക്കൊപ്പം ട്രാക്ടര്‍ വേ നിര്‍മിച്ചാല്‍ ചെലവുചുരുക്കി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് നാട്ടുകാരുടെ കര്‍മസമിതി ചൂണ്ടിക്കാട്ടുന്നത്. ബാവിക്കരയില്‍ 30 കോടി മുടക്കി സ്ഥിരം തടയണ നിര്‍മ്മിക്കുമ്പോള്‍ ചെറുവാഹനങ്ങള്‍ക്കെങ്കിലും കടന്നു പോകാനുതകുന്ന ട്രാക്ടര്‍ വേ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇക്കാര്യം പ്രവൃത്തി വിലയിരുത്താനെത്തിയ എംഎല്‍എ അടക്കമുള്ളവരെ നാട്ടുകാര്‍ അറിയിക്കുകയുണ്ടായി. 

തടയണ നിര്‍മ്മാണത്തിനൊപ്പം സംരക്ഷണഭിത്തിയുടെ നീളം വര്‍ധിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. നിലവില്‍ 100മീറ്റര്‍ നീളത്തിലാണ് ഭിത്തി നിര്‍മ്മിക്കുന്നത്. എന്നാല്‍ മഹാലക്ഷ്മിപുരം ക്ഷേത്രം വരെ 200 മീറ്റര്‍ നീളത്തില്‍ ഇതു നിര്‍മ്മിക്കണമെന്നായിരുന്നു കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യം. അസി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രത്നാകരന്‍, അസി എഞ്ചിനീയര്‍ സിമി മറിയ, ഓവര്‍സിയര്‍ പ്രസാദ്, ഡാം കമ്മറ്റി പ്രസിഡണ്ട്  ഗോപിനാഥന്‍ നായര്‍,  കൃഷ്ണന്‍ നായര്‍, ക്ഷേത്രകമ്മറ്റി സെക്രട്ടറി ബാലഗോപാലന്‍, രവീന്ദ്രന്‍, ബാലകൃഷ്ണന്‍, കുഞ്ഞമ്പു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.