രഞ്ജിട്രോഫി: രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച

Monday 13 January 2020 7:24 am IST

തിരുവനന്തപുരം: രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ കഷ്ടകാലം തുടരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സിലും തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 88 റണ്‍സെന്ന ദുരവസ്ഥയിലാണ് കേരളം. അവസാന അഞ്ചു വിക്കറ്റ് ശേഷിക്കെ 97 റണ്‍സേ ലീഡൊള്ളൂ. 

ഓപ്പണര്‍ റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം(17), എ.ആര്‍.ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10), വിഷ്ണു വിനോദ് (8) എന്നിവരാണ് പുറത്തായത്.ആദ്യ ഇന്നിങ്‌സില്‍ രക്ഷകനായ സല്‍മാന്‍ നിസാര്‍ ഏഴു റണ്‍സുമായി ക്രീസിലുണ്ട്. എട്ട് റണ്‍സ് എടുത്ത മുഹമ്മദ് അസറുദ്ദീനാണ് നിസാറിന് കൂട്ട്. 

നേരത്തെ പേസര്‍ നിധീഷിന്റെ മാന്ത്രിക ബൗളിങ്ങാണ് കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ നേരിയ ലീഡ് നേടിക്കൊടുത്തത്. നിധീഷ് 21 ഓവറില്‍ 88 റണ്‍സിന് ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ പാഞ്ചാബിന്റെ ആദ്യ ഇന്നിങ്‌സ് 218 റണ്‍സില്‍ അവസാനിച്ചു. കേരളം ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സാണെടുത്തത്. 

രണ്ടിന് 46 റണ്‍സെന്ന സ്‌കോറിനാണ് പഞ്ചാബ് ഇന്നലെ ഇന്നിങ്‌സ് തുടങ്ങിയത്. ക്യാപ്റ്റന്‍ മന്‍ദീപ് സിങ് 71 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുര്‍കീരറ്റ് സിങ് 37 റണ്‍സും എസ്. കൗള്‍ 25 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളത്തിന് സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ ഉത്തപ്പയെ നഷ്ടമായി. 

ചൗധരിയുടെ പന്തില്‍ അന്‍മോല്‍പ്രീത് സിങ് ഉത്തപ്പയെ പിടികൂടി. തുടര്‍ന്ന് എത്തിയ അക്ഷയ് ചന്ദ്രന്‍ 31 റണ്‍സ് നേടി . ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും തിളങ്ങാനായില്ല. പത്ത് റണ്‍സിന് പുറത്തായി. രോഹന്‍ പ്രേം പതിനേഴ് റണ്‍സിന് കീഴടങ്ങി.പഞ്ചാബിന്റെ ഗുര്‍കീരറ്റ് സിങ്ങാണ് കേളത്തിനെ തകര്‍ത്തത്. 12 ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.സ്‌കോര്‍: കേരളം 227, അഞ്ചിന് 88 .പഞ്ചാബ് 218.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.