മോദിയുടെ വാക്കും പ്രവൃത്തിയും: റിപ്പോര്‍ട്ട്കാര്‍ഡ് വരുന്നു

Wednesday 11 April 2018 7:28 pm IST
പറഞ്ഞതെന്ത്, സര്‍ക്കാര്‍ ചെയ്തതെന്ത്. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്നതെന്ത്, താരതമ്യം എന്നിങ്ങനെയായിരിക്കും റിപ്പോര്‍ട്ട് കാര്‍ഡ്. 2019 തെരഞ്ഞെടുപ്പിനു മുന്നോടിയാണ് ഈ നടപടി.
"undefined"

ന്യൂദല്‍ഹി: പ്രകടനപത്രികയിലെ വാഗ്ദാനവും നാലുവര്‍ഷത്തെ പ്രവൃത്തികളും ജനസമക്ഷം സമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ-ഭരണ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി. വാജ്‌പേയി ഭരണകാലത്ത് റെയില്‍വേ ബജറ്റിന് മുമ്പ് മുന്‍ ബജറ്റിന്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചതും ചരിത്രമായിരുന്നു. 

കള്ളപ്പണം തടയല്‍, സ്മാര്‍ട്‌സിറ്റികള്‍, ഗംഗാ ശുചീകരണം, തൊഴില്‍ നല്‍കല്‍, സാമ്പത്തിക പരിഷ്‌കാരം, വിദേശ നിക്ഷേപം, ധനസ്ഥിതി, ബാങ്കിങ് മേഖലയിലെ വളര്‍ച്ച തുടങ്ങി സമസ്ത മേഖലയുടെയും നാലുവര്‍ഷത്തെ ധവളപത്രമാകും ഈ റിപ്പോര്‍ട്ട്കാര്‍ഡ്. 

മോദി സര്‍ക്കാര്‍ വന്നശേഷം, പ്രധാനമന്ത്രിയുടെ പേരില്‍ നല്‍കാത്ത വാഗ്ദാനങ്ങള്‍ പ്രചരിപ്പിച്ച്, അവയൊന്നും നടന്നില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പ്രഹരമാകും ഈ റിപ്പോര്‍ട്ട്. മന്ത്രാലയങ്ങളോട് അതിസൂക്ഷ്മമായിത്തന്നെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചുകഴിഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ബിജെപി പറഞ്ഞതെന്ത്, സര്‍ക്കാര്‍ ചെയ്തതെന്ത്. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്നതെന്ത്, താരതമ്യം എന്നിങ്ങനെയായിരിക്കും റിപ്പോര്‍ട്ട് കാര്‍ഡ്. 2019 തെരഞ്ഞെടുപ്പിനു മുന്നോടിയാണ് ഈ നടപടി. 

റിപ്പോര്‍ട്ട്കാര്‍ഡ് അച്ചടിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ആലോചന. മാധ്യമങ്ങള്‍വഴി വന്‍ പ്രചാരണം നടത്താനും ലക്ഷ്യമുണ്ട്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയം സെക്രട്ടറി എന്‍.കെ. സിന്‍ഹ വിവിധ മന്ത്രാലങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. 

റെയില്‍മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ നാലംഗ മന്ത്രിസംഘം റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കലിന് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം. സ്മൃതി ഇറാനി, ധര്‍മേന്ദ്രപ്രധാന്‍, നരേന്ദ്രസിങ് തോമര്‍ എന്നിവരാകും മറ്റംഗങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.