വര്‍ണ്ണ പ്രഭയൊരുക്കി രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷം; തലസ്ഥാനം കര, നാവിക, വ്യോമ സേനാ കരുത്തില്‍, രാഷ്ട്രപതി പതാക ഉയര്‍ത്തി ചടങ്ങിന് ആരംഭം കുറിച്ചു

Sunday 26 January 2020 11:55 am IST

ന്യൂദല്‍ഹി: 71ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥില്‍ പതാക ഉയര്‍ത്തി. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പുഷ്പ ചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനോഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, നാവികവ്യോമസേനാ മേധാവികള്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോവാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. 

രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരിരുന്നു രാജ്പഥില്‍ അരങ്ങേറിയ പരേഡ്. കമ്മാന്‍ഡര്‍ ലെഫ് ജനറല്‍ അസിത് മിസ്ത്രിയില്‍ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍, സൈനിക ടാങ്കുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയവ പരേഡിലുണ്ട്. പോര്‍വിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളും ആഘോത്തില്‍ വര്‍ണ്ണം വാരി വിതറി. 

സിആര്‍പിഎഫിന്റെ വനിതാ ബൈക്ക് സംഘം പരേഡില്‍ പ്രകടനവും ആകര്‍ഷണീയമായി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിത ബൈക്ക് സംഘം പരേഡില്‍ പങ്കെടുക്കുന്നത്. 

പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ രാജ്പഥില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും റിപ്പബ്ലിക് ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലൂമായാണ് ട്വീറ്റ്. വൈകിട്ട് ആറ് മണിക്ക് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.