ആക്രമണം അംഗീകരിക്കാന്‍ പറ്റില്ല

Sunday 23 June 2019 2:51 am IST

കാരണം എന്താണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. എങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയേണ്ടത് എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തൊഴില്‍ സംഘടന, വിവിധ രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകള്‍, നല്ല ആശുപത്രികള്‍ എന്നിവയെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയൊന്ന് കേരളത്തില്‍ ഇല്ലെങ്കില്‍ അതുണ്ടാക്കാനും എല്ലാവരെയും ഈ വിഷയം ബോധവത്ക്കരിക്കാനുമായി കൊല്‍ക്കൊത്തയിലെ സംഭവത്തെ നമുക്ക് അവസരമാക്കാം.

-മുരളി തുമ്മാരുകുടി

മുകുന്ദനും നല്ല റോയല്‍റ്റി കിട്ടുന്നുണ്ട്. അദ്ദേഹം ചില പെണ്‍ എഴുത്തുകാരെ നല്ലതുപോലെ പ്രോത്സാഹിച്ചതും ഓര്‍ക്കുന്നു. മീരേച്ചിയെന്ന പേരില്‍ ഒരു ലേഖനം എഴുതിയത് ഇതേ മുകുന്ദന്‍ തന്നെയാണ്. മറ്റൊരു എഴുത്തുകാരനെ സഹായിച്ചുവെന്ന് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന മുകുന്ദനെക്കുറിച്ച് ആരും ആക്ഷേപംപറയില്ല. വ്യക്തമായ പക്ഷപാതിത്വത്തോടെയാണ് അദ്ദേഹം യുവാക്കളായ എഴുത്തുകാര്‍ക്കിടയിലേക്ക് വന്നത്. ഇതിനു സ്വാഭാവിക തിരിച്ചടികളുണ്ടാവും. സ്വന്തം കൃതികള്‍, സ്വന്തം അവാര്‍ഡുകള്‍, സ്വന്തം കൃതികളെക്കുറിച്ചുള്ള വിമര്‍ശന ലേഖന പരമ്പരകള്‍ എല്ലാം ഭദ്രമാക്കിയ ശേഷം പ്രസാധകര്‍ കുഴപ്പമുണ്ടാക്കുകയാണെന്നും വനിതാ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിറ്റുപോകാന്‍ കാരണം അവര്‍ സുന്ദരിമാരായതുകൊണ്ടാണെന്നും പറയുന്നത് തികഞ്ഞ പാപ്പരത്തമാണ്.

-എം.കെ. ഹരികുമാര്‍

അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ കേരളാ പോലീസിന്റെ ജോലിഭാരം വര്‍ദ്ധിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കേരള പോലീസ് നാഥനില്ലാകളരിയായി മാറിയിരിക്കുന്നു. മൂന്ന് സ്റ്റേഷനുകളുടെവരെ ചാര്‍ജുണ്ടായിരുന്ന സിഐക്ക് ഇപ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സ്ഥാനമാണ്. എഡിജിപിമാര്‍ക്ക് പകരം ഐജിമാര്‍ക്കാണ് ചുമതല. ഇത്തരം പരിഷ്‌കാരങ്ങള്‍ സേനയിലാകെ അസ്വസ്ഥതയുണ്ടാക്കി. ധാരാളം ആളുകള്‍ ജോലിഭാരം വര്‍ദ്ധിച്ചുവെന്ന പരാതിയുമായി മുന്നോട്ടുവരികയാണ്. ജനസംഖ്യാനുപാതികമായി പോലീസ് സേനയില്‍ അംഗബലമില്ല. 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമാണ്.

-രമേശ് ചെന്നിത്തല

പൊലീസിനെക്കുറിച്ച് പോലീസുകാര്‍ തന്നെ പരാതി ഉന്നയിക്കുമ്പോള്‍ ആ പരാതി കേള്‍ക്കാനുള്ള ബാധ്യത നിയമനിര്‍മ്മാണസഭയ്ക്കും ആ കേസ് അന്വേഷിക്കാനുള്ള ചുമതല ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ടെന്നാണ് ജസ്റ്റിസ് കെമാല്‍പാഷ അഭിപ്രായപ്പെട്ടത്. സേനയ്ക്കുള്ളിലെ ജാതി അധിക്ഷേപം കാരണം പോലീസുകാരന്‍ കാക്കിയൂരുന്നു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതാവുന്നു. കേരള നാടിന്റെ നീതിബോധത്തിന്റെ മുന്നിലേക്കാണ് കേരള പോലീസ് എല്ലാ പരാതിക്കാരെയും പിടിച്ചുനിര്‍ത്തുന്നത്.

-പി.എം. അലക്‌സാണ്ടര്‍

എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ, പുരുഷന്‍ എന്ന വ്യത്യാസമൊന്നുമില്ല. ഞാന്‍ അങ്ങനെ ഇതുവരെ കണ്ടിട്ടുമില്ല, ആരും പറഞ്ഞു കേട്ടിട്ടുമില്ല. കുറെനാളായി സിനിമയില്‍ പ്രവര്‍ത്തിച്ചവരെയല്ലേ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. അര്‍ഹതയുണ്ടെന്ന് കണ്ടാവണം, അല്ലാതെ എന്തുകൊണ്ടാണ് എനിക്ക് തന്നതെന്നും അറിയില്ല. നിങ്ങള്‍ എന്തിനാണ് എപ്പോഴും സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത്. നമ്മുടെ വീട്ടില്‍ ഭര്‍ത്താവും ആങ്ങളമാരും ജോലിക്ക് പോകുന്നില്ലേ... അങ്ങനെ കരുതിയാല്‍ മതി. അല്ലാതെ സ്ത്രീ, പുരുഷന്‍ അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല.

-ഷീല

മലപ്പുറത്തിന്റെ വിജയംതന്നെ ഈ ഒത്തൊരുമയാണ്. മലപ്പുറം ആ ഒറ്റ മനസ്സുകൊണ്ടാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചിട്ടുള്ളത്. എല്ലാ ദുരാരോപണങ്ങളെയും എല്ലാ അപവാദ പ്രചാരണങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഒരിക്കല്‍പോലും മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഒരു തരിമ്പുപോലും പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് മലപ്പുറത്തിന്റെ ഈ ഒറ്റ മനസ്സിന്റെ വിജയമാണ്. സുവര്‍ണ ജൂബിലിയിലെത്തി നില്‍ക്കുമ്പോഴും ഈ ഒറ്റ മനസ്സാണ് നാം കാത്തുസൂക്ഷിക്കേണ്ടത്. ഇനിയും പുരോഗതികള്‍ ഏറെ കൈവരിക്കാനുണ്ട്. അര്‍ഹമായതുപലതും ഇനിയും നേടിയെടുക്കാനുണ്ട്.

-സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ജാതി മതഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലിപ്പ ചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങള്‍, അതാണ് എന്നെ ഈ മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്‍ പോന്ന ആത്മബന്ധം. മനുഷ്യര്‍ തമ്മിലുള്ള വേര്‍പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിന്റെ ആത്മാവും സൗന്ദര്യവും. ചെറുനഗരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴും ഗ്രാമവിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടുത്താതെ ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ആ മണ്ണിനോടുചേര്‍ന്ന് ഇനിയുമേറെ നടക്കണം.

-മണമ്പൂര്‍ രാജന്‍ബാബു

വൈറസുകളുടെ ലോകം അതിസങ്കീര്‍ണമായി വലുതാവുകയാണ്. കണ്ടെത്തിയ വൈറസുകളെക്കാള്‍ അനേകായിരം വൈറസുകള്‍ ഇപ്പോള്‍ ഈ നിമിഷവും നമുക്കു ചുറ്റുമുണ്ട്. നമുക്ക് അതേക്കുറിച്ച് അറിയില്ലെന്നുമാത്രം. അനുകൂല സാഹചര്യങ്ങളില്‍ വന്‍ പ്രഹരശേഷിയുമായി അവ ഉയിര്‍ത്തെഴുന്നേല്‍ക്കും. മുമ്പൊരിക്കലും ഇല്ലാത്തവിധം പകര്‍ച്ചവ്യാധികളാണ് ഈ ദശാബ്ദത്തില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനസംഖ്യ വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും വൈറസ് രോഗങ്ങള്‍ പകരാനുള്ള സാധ്യതയും കൂടും. ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നുവെന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. വന നശീകരണം കാരണം വൈറസ് വാഹകരായ മൃഗങ്ങള്‍ മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നതും പകര്‍ച്ചവ്യാധികളുടെ നിരക്ക് കൂട്ടുന്നുണ്ട്.

-ഡോ. കോയേന്‍ വാന്റോം പെ

ഇടതുപക്ഷത്തിന്റെ അപചയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എവിടെയാണ് അവര്‍ക്ക് പിഴച്ചതെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. പ്രത്യയശാസ്ത്രപരമായ പാളിച്ചകളെക്കാള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ അവസരവാദപരമായ നിലപാടുകളാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. മറ്റൊന്ന് ഇവിടുത്തെ ഇടതുപക്ഷങ്ങളുടെ വളര്‍ച്ച അവര്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് ജനകീയ പ്രശ്‌നങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ടായിരുന്നു. അത്തരമൊരു പ്രവര്‍ത്തനശൈലിയില്‍നിന്ന് ഇടതുപക്ഷം ഇപ്പോള്‍ പിറകോട്ടുപോയിട്ടുണ്ട്. കോര്‍പ്പറേറ്റുകളുടെ സ്വാധീന വലയത്തിലേക്ക് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളും ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. -കെ. ശിവാറെഡ്ഡി

 

മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കടുത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് യോഗ നമുക്ക് പ്രതീക്ഷയും സാന്ത്വനവുമാണ്. സയന്‍സിന്റെ കണ്ടുപിടിത്തങ്ങള്‍ കാരണം ഇന്ന് മനുഷ്യന്റെ ശാരീരികമായ അധ്വാനഭാരം വളരെ കുറഞ്ഞു. രോഗങ്ങള്‍ പെരുകി. അതോടൊപ്പം തന്നെ ടെന്‍ഷന്‍കൊണ്ടും എണ്ണമറ്റ ആഗ്രഹങ്ങള്‍കൊണ്ടും മനുഷ്യമനസ്സ് അസ്വസ്ഥമാണ്. ഈ സാഹചര്യത്തില്‍ ശാരീരികാരോഗ്യം വീണ്ടെടുക്കാനും ജീവിതത്തോടുള്ള ശരിയായ കാഴ്ചപ്പാടിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ നമ്മെ സഹായിക്കുന്നു. 

-മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.