തെരഞ്ഞടുപ്പ് ഫലം പുറത്തുവരാന്‍ മിനുട്ടുകള്‍ മാത്രം; ജന പിന്തുണ ആര്‍ക്ക്, മുന്നണികള്‍ ആകാംക്ഷയില്‍

Thursday 24 October 2019 7:50 am IST

ന്യൂദല്‍ഹി : ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന നിയമസഭകളിലേയും ഉപതെരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന കള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുള്ള ഈ തെരഞ്ഞെടുപ്പ് ബിജെപിക്കും, കോണ്‍ഗ്രസ്സിനും നിര്‍ണ്ണായകമാണ്.  തെരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസ്സിന്റെ തമ്മിത്തല്ലും, പ്രചാരണങ്ങളില്‍ നിന്നും സോണിയാ ഗാന്ധി വിട്ടു നില്‍്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ ഫലം എങ്ങിനെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്. കേരളത്തില്‍ ബിജെപി, സിപിഎം, കോണ്‍ഗ്രസ് മൂന്ന് പാര്‍ട്ടികളും തമ്മിലാണ് മത്സരം.

ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ടിങ് നില ഉയരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കൂടാതെ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ മാര്‍ക്ക് ദാനം ഉള്‍പ്പടെയുള്ള വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ ജനീഷിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജന പിന്തുണ ആര്‍ക്കായിരിക്കും എന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 

രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണിത്തുടങ്ങും. അപ്പോള്‍ തന്നെ സ്ട്രോങ് റൂമില്‍ നിന്നു വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണുന്ന 14 മേശകളിലേക്കു മാറ്റിത്തുടങ്ങും. ഒരു റൗണ്ടില്‍ 14 മെഷീനുകള്‍ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഇതോടൊപ്പം ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും

ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം. 

5 മണ്ഡലങ്ങളും ചേര്‍ത്തുള്ള പോളിങ് ശതമാനം 69.93. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.68 ആയിരുന്നു സംസ്ഥാനത്തെ പോളിങ് ശതമാനം. പുതിയ കണക്കനുസരിച്ച് മഞ്ചേശ്വരത്ത് 75.78%, എറണാകുളത്ത് 57.90% ആണ് പോളിങ്. അരൂര്‍ (80.47%), കോന്നി (70.07%), വട്ടിയൂര്‍ക്കാവ് (62.66%) മണ്ഡലങ്ങളിലെ പോളിങ് നിലയില്‍ മാറ്റമില്ല.

5 മണ്ഡലങ്ങളിലുമായുള്ള 896 പോളിങ് ബൂത്തുകളിലെ 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 3,26,038 പുരുഷന്‍മാരും 3,43,556 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.