''ഇക്കൊല്ലം മാത്രമല്ല, ജനങ്ങളെ രക്ഷിക്കാന്‍ എല്ലാക്കൊല്ലവും സേവാഭാരതി ജീവന്‍ കൊടുക്കാറുണ്ട്; ഞങ്ങളുടെ പ്രിയ പ്രവര്‍ത്തകരുടെ ഭൗതിക ശരീരത്തിലേക്ക് കാര്‍ക്കിച്ചു തുപ്പാന്‍ ആര്‍ക്കും അവകാശമില്ല''

Tuesday 13 August 2019 4:10 pm IST

തിരുവനന്തപുരം: ഇക്കൊല്ലം മാത്രമല്ല, ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാക്കൊല്ലവും സമാജം ജീവന്‍ കൊടുക്കാറുണ്ടെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍.  'ഇക്കൊല്ലം മനുഷ്യര്‍ ജീവന്‍ വരെ കൊടുക്കുന്നുണ്ടത്രേ....' എന്നു പരാമര്‍ശിച്ച് കോഴിക്കോട് മുന്‍ ജില്ലാ കലക്റ്ററായിരുന്ന പ്രശാന്ത് നായര്‍ ഇട്ട പോസ്റ്റിന് മറുപിടിയായാണ് സേവാഭാരതി പ്രവര്‍ത്തകനായ റിബിന്‍ റാം പട്ടത്ത് ഇക്കാര്യം വിശദീകരിച്ചത്. 

ഇക്കൊല്ലം കൊടുത്ത ജീവനുകളെ കുറിച്ച് മാത്രമേ പലര്‍ക്കും അറിയൂ. കഴിഞ്ഞ പ്രളയത്തില്‍ കൊഴിഞ്ഞു പോയ പന്ത്രണ്ട് സേവാഭാരതി പ്രവര്‍ത്തകരെ പൊതു സമൂഹത്തില്‍ എത്ര പേര്‍ക്കറിയാം?. ഇക്കൊല്ലം എന്നത് കഴിഞ്ഞ കൊല്ലത്തിന്റെ തിരുശേഷിപ്പാണ് എന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്. ഈ വര്‍ഷം ഒരു ലിനുവും, ബൈജുവും ഒക്കെ താന്താങ്ങളുടെ ജീവിതം ഈ സമാജത്തിന് വേണ്ടി സമര്‍പ്പിച്ചു എങ്കില്‍, കഴിഞ്ഞ തവണ യുവത്വം തുളുമ്പുന്ന പന്ത്രണ്ട് സഹപ്രവര്‍ത്തകരെയാണ് വിവിധ പരിവാര്‍ സംഘടനകള്‍ക്ക്, സേവാഭാരതിക്ക് നഷ്ടപ്പെട്ടതെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കോഴിക്കോട് ജില്ലാ കലക്റ്റര്‍ ആയിരുന്ന പ്രശാന്ത് നായര്‍ എന്ന വ്യക്തി കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ കോഴിക്കോട് മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുള്ള ഒരു പോസ്റ്റാണിത്. അതിന് അവസാനം ഉള്ള വരികള്‍ ശ്രദ്ധിച്ചോ നിങ്ങള്‍ ?

'ഇക്കൊല്ലം മനുഷ്യര്‍ ജീവന്‍ വരെ കൊടുക്കുന്നുണ്ടത്രേ....'

ആ വരി വായിച്ചപ്പോള്‍ ഹൃദയത്തിന്റെ ഉള്ളില്‍ ഓര്‍മ്മകളുടെ ഒരു വലിയ ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായി.

'ഇക്കൊല്ലം....' കൊടുത്ത ജീവനുകളെ കുറിച്ച് മാത്രമേ പലര്‍ക്കും അറിയൂ. കഴിഞ്ഞ പ്രളയത്തില്‍ കൊഴിഞ്ഞു പോയ പന്ത്രണ്ട് സേവാഭാരതി പ്രവര്‍ത്തകരെ പൊതു സമൂഹത്തില്‍ എത്ര പേര്‍ക്കറിയാം?

അതേ പ്രശാന്ത്, ഇക്കൊല്ലം ലിനു സമാജത്തിന് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. പക്ഷെ അതിന് ശേഷം നടന്ന പല കാര്യങ്ങളും ലിനുവിന്റെ ജീവാര്‍പ്പണത്തേക്കാള്‍ കൂടുതല്‍ ഉയര്‍ന്നതലത്തില്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയുണ്ടായി. പലരും ലിനുവിന്റെ സ്വജീവ സമര്‍പ്പണം അറിഞ്ഞത് തന്നെ ഇന്നലെ വൈകീട്ട് മാത്രമാണ്. അത് വരെ കണ്ണീര്‍ വീഴ്ത്തുവാനും, ആ കുടുംബത്തിന്റെ കൂടെ നില്‍ക്കുവാനും, ലതയെന്ന അമ്മക്കൊപ്പം അല്‍പ്പ നേരം ഒരുമിച്ചിരിക്കുവാനും ഉണ്ടായത് പരിവാര്‍ പ്രവര്‍ത്തകരും, കാര്യകര്‍ത്താക്കളും മാത്രമാണ്. ആ സങ്കടവും, ദേഷ്യവും കൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ ആ രോഷം അലയടിച്ചത്.

പക്ഷെ എന്നെ ഉലച്ചത് അതൊന്നും അല്ല. ഇക്കൊല്ലം എന്നത് കഴിഞ്ഞ കൊല്ലത്തിന്റെ തിരുശേഷിപ്പാണ് എന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്. ഈ വര്‍ഷം ഒരു ലിനുവും, ബൈജുവും ഒക്കെ താന്താങ്ങളുടെ ജീവിതം ഈ സമാജത്തിന് വേണ്ടി സമര്‍പ്പിച്ചു എങ്കില്‍, കഴിഞ്ഞ തവണ യുവത്വം തുളുമ്പുന്ന പന്ത്രണ്ട് സഹപ്രവര്‍ത്തകരെയാണ് വിവിധ പരിവാര്‍ സംഘടനകള്‍ക്ക്, സേവാഭാരതിക്ക് നഷ്ടപ്പെട്ടത്.

ഈ ഫോട്ടോ കണ്ടോ പ്രിയ്യ പ്രശാന്ത് നിങ്ങള്‍? ആ കുഞ്ഞു ഹൃദയം തന്റെ ഇരു കൈകളാല്‍ കണ്ണുകള്‍ പൊത്തി തോരാതെ പെയ്യുന്നത് തന്റെ അച്ഛന്റെ ചിതക്ക് മുന്‍പില്‍ നിന്നു കൊണ്ടാണ്. ആ അച്ഛനെ എങ്ങിനെയാണ് അവന് നഷ്ടപ്പെട്ടതെന്നറിയാമോ നിങ്ങള്‍ക്ക്? എന്നാണെന്നറിയാമോ നിങ്ങള്‍ക്ക്? ഒരു കാര്യം ഉറപ്പാണ് എനിക്ക്. ആ പിഞ്ചു കുഞ്ഞിന്റെ ഫോട്ടോയിലേക്ക് കണ്ണ് നനയാതെ അഞ്ച് നിമിഷം പോലും നോക്കിയിരിക്കുവാന്‍ സാധ്യമല്ല ഒരു മനുഷ്യനും.

ഇത്രയും ദയയില്ലാത്തവരാവരുത്, ഇത്രയും മനസാക്ഷി ഇല്ലാത്തവരാവരുത് ഒരു മനുഷ്യനും, ഒരു മലയാളിയും. നിങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയത്തെ എതിര്‍ക്കാം. പുലഭ്യം പറയാം. പക്ഷെ ഞങ്ങളുടെ പ്രിയ്യ പ്രവര്‍ത്തകരുടെ ഭൗതിക ശരീരത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുവാന്‍ ആര്‍ക്കും അവകാശമില്ല. അതേത് വലിയ ഉടയ തമ്പുരാനായാലും ശരി. ജീവന്‍ നല്‍കിയും ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകനും അത് എതിര്‍ക്കും. ഇക്കൊല്ലം മാത്രമല്ല ഈ സമാജത്തെ ബാധിക്കുന്ന ഓരോ ദുരന്തത്തിലും സംഘപ്രവര്‍ത്തകന്റെ ആത്മസമര്‍പ്പണത്തിന്റെ വിയര്‍പ്പ് കണങ്ങള്‍ കാണുവാന്‍ സാധിക്കും നിങ്ങള്‍ക്ക്. ഇക്കൊല്ലം മരണപ്പെട്ട ലിനുവിനെ മാത്രമേ നിങ്ങള്‍ക്കറിയു എങ്കില്‍ കഴിഞ്ഞ കൊല്ലം ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട,

മനീഷ്

ഹരിനാരായണന്‍

രഘുനാഥ്

അനീഷ്

സജീഷ്

രാകേഷ്

അജിത്

ശിവദാസ്

മണികണ്ഠന്‍

വിശാല്‍ 

രഞ്ജിത്

പിന്നെ, കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ എളങ്കുന്നപുഴയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായി, ഇന്ന് ഈ നിമിഷം വരെ ഭൗതിക ശരീരം പോലും ലഭിക്കാത്ത മിഥുന്‍ കുമാര്‍ എന്ന തന്റെ മകന്‍, 'അമ്മേ...' എന്ന് വിളിച്ച് ഉമ്മറപടി കടന്ന് വരുന്നത് സ്വപ്നം കണ്ട് ജീവിക്കുന്ന, അവനെ കാത്തിരിക്കുന്ന സതിയെന്ന ഒരു അമ്മയുണ്ട് അങ്ങ് വൈപ്പിനില്‍. ഇവയൊന്നും അറിയാത്തത് ഞങ്ങളുടെ പ്രശ്‌നമല്ല. അതുകൊണ്ട് ഞങ്ങളുടെ പ്രിയ്യ പ്രവര്‍ത്തകരുടെ ഭൗതിക ശരീരത്തിലേക്ക് കാര്‍ക്കിച്ചു തുപ്പരുത്. അത്രയും തരംതാഴ്ന്ന മാനസിക നിലവാരം ഉള്ളവരാകരുത് ഒരു മലയാളിയും. അപേക്ഷയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.